ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ

സേലം: ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തണമെന്നും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷനും ബിജെപി എം.പിയുമായ തേജസ്വി സൂര്യ. . രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബി.ജെ.പി. മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഹിന്ദുവിരുദ്ധമായ മോശവും ദോഷകരവുമായ പ്രത്യയശാസ്ത്രത്തെയാണ് ഡി.എം.കെ പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുളള ഒരു പുണ്യഭൂമിയാണ് ഇത്. തമിഴ്‌നാട്ടിലെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാല്‍ ഡിഎംകെ ഹിന്ദുവിരുദ്ധമാണ്. അതിനാല്‍ നാം അതിനെ പരാജയപ്പെടുത്തണം’, സേലത്ത് നടന്ന യുവമോര്‍ച്ചയുടെ സംസ്ഥാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കവേയാണ് തേജസ്വി സൂര്യ ഇക്കാര്യം പറഞ്ഞത്.

തമിഴിന് അതിജീവിക്കണമെങ്കില്‍ ഹിന്ദുത്വം വിജയിക്കണം. കന്നഡയ്ക്ക് വിജയിക്കണമെങ്കില്‍ ഹിന്ദുത്വം വിജയിക്കണം. ബിജെപി തമിഴ്‌നാടിന്റെയും തമിഴ്ഭാഷയുടെയും ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു.

ഡി.എം.കെയെ സംബന്ധിച്ചിടത്തോളം കുടുംബമാണ് പാര്‍ട്ടി. എന്നാല്‍ ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും തേജസ്വി സൂര്യ പറഞ്ഞു. ‘ഡി.എം.കെയുടെ ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കേണ്ടതുണ്ട്. അധികാരത്തിലായിരുന്നപ്പോള്‍ അവര്‍ ഹിന്ദു സ്ഥാപനങ്ങളെയും വിശ്വാസങ്ങളെയും ആക്രമിച്ചു. എന്നാല്‍ അധികാരത്തില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ അവര്‍ ഹിന്ദു വോട്ടുകള്‍ തേടുകയാണ്. അത് അനുവദിച്ചുകൂടാ’, തേജസ്വി സൂര്യ പറഞ്ഞു.

 

 

Top