തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എംകെ സര്‍ക്കാര്‍

ചെന്നൈ: സംസ്ഥാനത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തരംതാഴ്ത്തുന്ന രീതിയാണ് പിന്തുടരുന്നതെന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എംകെ സര്‍ക്കാര്‍. ഗവര്‍ണര്‍ സ്വതന്ത്ര്യ സമരസേനാനികളുടെ കാര്യത്തില്‍ ഇത്രയധികം ആകുലപ്പെട്ടിരുന്നുവെങ്കില്‍ മുതിര്‍ന്ന പൗരനും സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ എന്‍. ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് പുരസ്‌കാരം നല്‍കാനുള്ള ഫയല്‍ ഒപ്പിടാതിരുന്നത് എന്തുകൊണ്ടാണെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി ചോദിച്ചു.

ആഗസ്റ്റ് 18ന് നടന്ന യോഗത്തില്‍ എന്‍.ശങ്കരയ്യക്ക് അദ്ദേഹം സമൂഹത്തിന് ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 2ന് നടക്കുന്ന സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ വെച്ച് പുരസ്‌കാരം നല്‍കാനായിരുന്നു സിന്‍ഡിക്കറ്റിന്റെ തീരുമാനം. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയോടെ മധുരൈ കാമരാജ് സര്‍വകലാശാല ആക്ട് പ്രകാരം ഓണററി ഡോക്ടറേറ്റ് നല്‍കാനുള്ള അംഗീകാരം സര്‍വകലാശാലക്കുണ്ട്.

ജനങ്ങളെ സേവിക്കാന്‍ തന്റെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച വ്യക്തിയാണ് ശങ്കരയ്യ. സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തിക്ക് ഈ പുരസ്‌കാരം നല്‍കണമെന്ന് മധുരൈ സര്‍വകലാശാല തീരുമാനിച്ചിരുന്നു. പക്ഷേ ഗവര്‍ണര്‍ ഫയലില്‍ ഇപ്പോഴും ഒപ്പ് വെച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളോട് അദ്ദേഹത്തിനുള്ള പരിഗണന എത്രത്തോളമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളായ മരുതു സഹോദരന്മാരെയും മുത്തുരാമലിംഗ തേവരെയും പോലെയുള്ള മഹത്തായ ദേശീയ സ്വാതന്ത്ര്യ സമര സേനാനികള്‍ സംസ്ഥാനത്തെ ജാതി നേതാക്കളുടെ നിലയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ദ്രാവിഡ സംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും തേവരെപോലെയുള്ള സ്വാതന്ത്ര്യ സമര നേതാക്കളുടെ ത്യാഗങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങള്‍ സ്വകാര്യ വത്ക്കരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top