സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശ തള്ളി ഡിഎംകെ

ചെന്നൈ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണർ ആർ.എൻ.രവിയുടെ ശുപാർശ ഡിഎംകെ സർക്കാർ തള്ളി. സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി. അതിനിടെ, ചികിത്സയിലുള്ള മന്ത്രിയെ 8 ദിവസത്തേക്ക് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. എന്നാൽ, ആശുപത്രിയിൽ നിന്നു പുറത്തിറക്കരുതെന്നും സമ്മർദത്തിലാക്കരുതെന്നും കർശന നിർദേശം നൽകിയതോടെ ഇഡി വെട്ടിലായി. എയിംസ് – ജിപ്മെർ എന്നിവിടങ്ങളിൽ നിന്നു വിദഗ്ധ ഡോക്ടർമാരെത്തി പരിശോധിച്ച ശേഷം വിഡിയോ കോൺഫറൻസിങ്ങിലൂടെ ചോദ്യം ചെയ്യാനാണു നീക്കം.

അതേ സമയം, 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുള്ള ഹൈക്കോടതി ഉത്തരവിനെ മറികടന്നുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണു ഡിഎംകെ. സെന്തിൽ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരശിനും എക്സൈസ് വകുപ്പ് ഭവന, നഗരവികസന മന്ത്രി മുത്തുസാമിക്കുമാണു നൽകിയത്.

Top