ചെന്നൈ: കരുണാനിധിയുടെ മരണശേഷമുള്ള ഡിഎംകെയുടെ ആദ്യ എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ പാര്‍ട്ടി ആസ്ഥാനമായ അറിവാലയത്തിലാണ് യോഗം. കരുണാനിധിയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാനാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള സ്റ്റാലിന്റെ സ്ഥാനാരോഹണം മുഖ്യ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.
പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ജനറല്‍ കൗണ്‍സില്‍ എന്ന് ചേരുമെന്ന കാര്യത്തിലും ഇന്ന് തീരൂമാനമുണ്ടാകും. പാര്‍ട്ടിയിലില്ലെങ്കിലും ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് എംകെ അഴഗിരി ഇന്നലെ പറഞ്ഞിരുന്നു. സമ്മര്‍ദ്ദം ചെലുത്തി പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള അഴഗിരിയുടെ ശ്രമങ്ങളും ഇന്ന് ചര്‍ച്ചയായേക്കും. വിഷയത്തില്‍ പാര്‍ട്ടി നേതാക്കളാരും ഇത് വരെ പ്രതികരിച്ചിട്ടില്ല. പിന്‍ഗാമിയാകാന്‍ സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്ന അളഗിരിയുടെ പ്രതികരണം.
കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മുത്ത മകനാണ് അളഗിരി , സ്റ്റാലിന്‍ ഇളയ മകനും. മറ്റൊരു ഭാര്യയില്‍ പിറന്ന കനിമൊഴി ഏതു പക്ഷത്ത് നില്‍ക്കുമെന്നതും തമിഴകം ഉറ്റു നോക്കുകയാണ്. നിലവില്‍ എം.പിയായ കനിമൊഴിയാണ് ഡി.എം.കെയുടെ ഡല്‍ഹിയിലെ ശബ്ദം. മധുര ഉള്‍പ്പെടെയുള്ള സൗത്ത് സോണില്‍ ഡി.എം.കെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായിരുന്ന അളഗിരിയെ സ്റ്റാലിനുമായുള്ള പോരിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പുറത്താണെങ്കിലും ഈ മേഖലയില്‍ വലിയ സ്വാധീനം ഇപ്പോഴും അളഗിരിക്കുണ്ട്. ഇതു തന്നെയാണ് ഡി.എം.കെ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.