സോണിയക്ക് ആശ്വാസം; ഹൈക്കമാന്റ് ഇടപെട്ടു, ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വീണ്ടും കൈക്കോര്‍ത്തു

ചെന്നൈ: ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം പിളര്‍പ്പിലേക്ക് എന്ന വാര്‍ത്തകളായിരുന്നു കുറച്ചു ദിവസമായി കേട്ടിരുന്നത്. എന്നാല്‍ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡിഎംകെ അധ്യഷന്‍ എം.കെ സ്റ്റാലിനുമായി പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പോര് അവസാനിച്ചതായുള്ള വിവരം പുറത്ത് വിട്ടത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.എസ് അഴഗിരിയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തും.

സംഭവത്തില്‍ വീണ്ടും ഹൈക്കമാന്റ് ഇടപെട്ടതാണ് പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ കാരണമായത്. യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമായ സോണിയ ഗാന്ധി രാവിലെ എം.കെ സ്റ്റാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യത്തെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍ മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി തുറന്നടിച്ചിരുന്നു. ഇതോടെ പ്രശ്‌നം ഗുരുതരമാകുകയും കോണ്‍ഗ്രസ് ഇല്ലെങ്കിലും തങ്ങള്‍ ഒറ്റക്ക് ജയിക്കുമെന്ന് ഡിഎംകെ നിലപാടെടുക്കുകയും ചെയ്തു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരെ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇത് സഖ്യത്തിന്റെ പിളര്‍പ്പിനുള്ള സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകരും കണ്ടിരുന്നത്.

Top