‘ഡിഎംകെ-കോണ്‍ഗ്രസ്’ പിളര്‍പ്പിലേക്ക്? സോണിയയുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സൂചന

ചെന്നൈ: തമിഴ്‌നാട് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലെ കല്ലുകടി രൂക്ഷമാകുന്നു. കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ചാല്‍ ഡിഎംകെയ്ക്ക് പ്രശ്‌നമില്ലെന്ന് മുതിര്‍ന്ന നേതാവും പാര്‍ട്ടി ട്രഷററുമായ ദുരൈമുരുകന്‍ പറഞ്ഞു. ‘തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൃത്യമായ വോട്ട് ബാങ്ക് പോലും കോണ്‍ഗ്രസിന് ഇല്ല. സഖ്യം വിട്ട് കോണ്‍ഗ്രസ് പോകുകയാണങ്കില്‍ കുഴപ്പമില്ല. ഡിഎംകെ അത് കാര്യമാക്കുന്നില്ല’- ദുരൈമുരുകന്‍ പ്രതികരിച്ചു.

തമിഴ്‌നാട്ടിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യത്തിന്റെ ഭിന്നതയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍ മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് .അഴഗിരി തുറന്നടിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്നാണ് ഡിഎംകെ ഇതിലുള്ള അതൃപ്തി അറിയിച്ചത്.

പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടു. തമിഴ്‌നാട് അധ്യക്ഷന്‍ കെ.എസ് അഴഗിരിയെ ഡല്‍ഹിക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കി. പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ.ആര്‍ രാമസ്വാമി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ഖേദം അറിയിച്ചു. പ്രദേശിക നേതൃത്വത്തെയാണ് വിമര്‍ശിച്ചതെന്നും ഡിഎംകെ സംസ്ഥാന നേതൃത്വവുമായി പ്രശ്‌നമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തിരുത്തി.

Top