DMK concern-new political partnership in tamilnadu

ചെന്നൈ: തമിഴകത്ത് കലങ്ങിമറിയുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ എളുപ്പം നേട്ടം കൊയ്യാമെന്ന ഡി എം കെയുടെ കണക്ക് കൂട്ടലുകള്‍ തെറ്റുന്നു.

ജയലളിതയുടെ അഭാവത്തില്‍ പ്രതിസന്ധി നേരിടുന്ന അണ്ണാ ഡിഎംകെ ശശികലയുടെ കൈകളിലെത്തിയത് രാഷ്ട്രീയപരമായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയെയാണ് ഏറ്റവും അധികം സന്തോഷിപ്പിച്ചിരുന്നത്.

പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കാന്‍ ഡിഎംകെയെ പ്രേരിപ്പിച്ചതും അണ്ണാ ഡിഎംകെയെ പിളര്‍ത്താന്‍ ലക്ഷ്യമിട്ടാണ്. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു.

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിന്റെ അതേ പാത പിന്‍തുടര്‍ന്ന തമിഴകത്തിന്റെ ചരിത്രം മാറ്റിമറിച്ച് ജയലളിത രണ്ടാമതും അധികാരം പിടിച്ചത് ഡിഎംകെക്ക് വന്‍ തിരിച്ചടിയായിരുന്നു.

ഭരണമില്ലാതെ പിടിച്ച് നില്‍ക്കുക വളരെ ശ്രമകരമായതിനാല്‍ എങ്ങനെയും അണ്ണാ ഡിഎംകെയുടെ ഭരണം അവസാനിക്കണം എന്ന നിലപാടിലാണ് പനീര്‍ശെല്‍വ വിഭാഗത്തിന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ‘ഗീന്‍ സിഗ്‌നല്‍’ നല്‍കിയത്.

ചില മന്ത്രിമാരും എം എല്‍ എമാരും എം പിമാരുമെല്ലാം പനീര്‍ശെല്‍വത്തിന്റെ ക്യാംപിലെത്തിയതിനെയും സന്തോഷത്തോടെയാണ് ഡിഎംകെ നോക്കി കണ്ടത്.

പനീര്‍ശെല്‍വത്തിന് താല്‍ക്കാലികമായി ഒരു പിന്തുണ നല്‍കി സാഹചര്യം ഒത്തുവരുമ്പോള്‍ പിന്തുണ പിന്‍വലിച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്നതായിരുന്നു തന്ത്രം.

എന്നാല്‍ കഴിഞ്ഞ ദിവസം ജയലളിയുടെ സഹോദര പുത്രി ദീപയും പനീര്‍ശെല്‍വവും ജയലളിതയുടെ സമാധിയില്‍ ഒരുമിച്ച് സന്ദര്‍ശനം നടത്തിയതും തുടര്‍ന്ന് ദീപക്ക് പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ ലഭിച്ച സ്വീകരണവുമെല്ലാം ഡിഎംകെ നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണിപ്പോള്‍.

പനീര്‍ശെല്‍വത്തേയോ ശശികല വിഭാഗത്തേയോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഡിഎംകെ ശക്തരായ എതിരാളികളായി പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കാണുന്നില്ല.

എന്നാല്‍ ദീപയുടെ കാര്യത്തില്‍ അങ്ങനെയല്ല ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വീക്ഷിക്കുന്നത്. ജയലളിതയുടെ രൂപസാദൃശ്യവും പക്വമായ പെരുമാറ്റങ്ങളും ഉന്നതമായ വിദ്യാഭ്യാസ നിലവാരവുമെല്ലാം ദീപയില്‍ ശക്തയായ എതിരാളിയെയാണ് അവര്‍ കാണുന്നത്.

ജയലളിതയോട് വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ജനവിഭാഗങ്ങള്‍ ദീപയും പനീര്‍ശെല്‍വവും ചേരുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ കൂടെ നിന്നാല്‍ അത് വലിയ വെല്ലുവിളിയാകുമെന്ന ഭയത്തിലാണ് ഡിഎംകെ.

PicsArt_02-15-04.43.26 (1)

24ന് ജയലളിതയുടെ ജന്മദിനത്തില്‍ പുതിയ രാഷ്ട്രീയ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദീപ വ്യക്തമാക്കിയിരിക്കുന്നത്.

ജയലളിതയുടെ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ദീപ മത്സരിച്ചാല്‍ ജയിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ അത്തരമൊരു സാഹചര്യം ഇടക്കാല തിരഞ്ഞെടുപ്പില്‍ ദീപയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടാന്‍ സാഹചര്യമൊരുക്കും. ഫലത്തില്‍ സ്റ്റാലിന്‍-ദീപ പോരാട്ടമായിവരെ അത് മാറിയേക്കും.

ജെല്ലിക്കെട്ട് സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലക്ഷകണക്കിന് പേര്‍ തമിഴ്‌നാട്ടില്‍ തെരുവിലിറങ്ങിയ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ തലമുറയുടെ പ്രതിനിധിയായി ദീപ വരുന്നത് മുഖ്യധാര രാഷ്ട്ര പാര്‍ട്ടികള്‍ക്ക് വെല്ലു വിളിയാകും. പ്രത്യേകിച്ച് ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ക്ക് .

എം എല്‍ എമാര്‍ ഭൂരിപക്ഷവും ഇപ്പോഴും ശശികല വിഭാഗത്തിനൊപ്പമാണെങ്കിലും അണികളില്‍ മഹാഭൂരിപക്ഷവും ദീപയുടെയും പനീര്‍ശെല്‍വത്തിന്റെയും കൂടെയാണ്.

ഇരുവരും പുതിയ രാഷ്ട്ര പാര്‍ട്ടിയുമായി രംഗത്ത് വരുന്നത് നിലവിലെ സാഹചര്യത്തില്‍ അണ്ണാ ഡിഎംകെയുടെ വോട്ട് ബാങ്കിനെ മാത്രമല്ല മൊത്തത്തില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളെയും ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ബി ജെ പിയാകട്ടെ പനീര്‍ശെല്‍വം-ദീപ കൂട്ട് കെട്ടിനെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ദീപ വിഭാഗവുമായി സഹകരിക്കുന്നതാണ് നല്ലതെന്നാണ് പനീര്‍ശെല്‍വത്തിന് ബി ജെ പി നേരത്തേ തന്നെ നല്‍കിയിരുന്ന നിര്‍ദ്ദേശം.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായി രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അദ്ദേഹം മനസ്സ് തുറക്കാത്തതിനാലാണ് ബി ജെ പിയും ബദല്‍ മാര്‍ഗ്ഗം തേടുന്നത്.

സംസ്ഥാനത്തെ രാഷ്ട്രിയ സാഹചര്യത്തെ കുറിച്ച് വിലയിരുത്തി കേന്ദ്ര സര്‍ക്കാറിന് ലഭിച്ച ഐ ബി റിപ്പോര്‍ട്ടില്‍ ദീപക്ക് അനുകൂലമായ സാഹചര്യം തമിഴകത്ത് നിലവിലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.

ഇപ്പോള്‍ എം എല്‍ എമാരുടെ ബലാബലത്തില്‍ സംസ്ഥാനം ആര് ഭരിക്കണം എന്നതിനപ്പുറം 42 ലോക്‌സഭാ അംഗങ്ങളുള്ള തമിഴ്‌നാട്ടില്‍ നിന്ന് മോദിയുടെ രണ്ടാം ഊഴത്തിന് എത്ര പേര്‍ കൈ പൊക്കുമെന്നത് മാത്രമാണ് ബി ജെ പി നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്.

പനീര്‍ശെല്‍വവും ദീപയും ഒരുമിച്ച് ഒരു രാഷ്ട്രീയ സംവിധാനമുണ്ടാക്കിയാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി എംപിമാരെ തമിഴകത്ത് നിന്ന് വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ.

Top