എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് ഡിഎംഡികെ; വാര്‍ത്ത നിഷേധിച്ച് പ്രേമലത വിജയകാന്ത്

തമിഴ്‌നാട് : എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് വിജയകാന്ത് രൂപീകരിച്ച പാര്‍ട്ടിയായ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് സിഎംഡികെ അറിയിച്ചത്. ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷ പ്രേമലത വിജയകാന്ത് പറഞ്ഞു. പിഎംകെ, ഡിഎംഡികെ മുതലായ പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ നടത്താന്‍ ബിജെപി സജീവമായി ആലോചിക്കുന്നതിനിടെയാണ് ഡിഎംഡികെയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ കിഷന്‍ റെഡ്ഡി ഉള്‍പ്പെടെ ചെന്നൈയിലെത്തി പ്രേമലത വിജയകാന്തുമായി ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു ഇന്ന് രാവിലെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ബിജെപിയുമായുള്ള ചര്‍ച്ചകള്‍ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്തി. തമിഴ്നാട്ടിലെ കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുമെന്നും തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 15 ന് തമിഴ്നാട്ടില്‍ എത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായും പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദോസ്സുമായും ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനുമായി ബിജെപി സംഘം ചര്‍ച്ച നടത്തും.

Top