ചി​ദം​ബ​ര​ത്തി​നു പി​ന്നാ​ലെ ഡി​കെ​യും ; കള്ളപ്പണക്കേസിൽ ശിവകുമാർ അറസ്റ്റിൽ

ന്യൂഡല്‍ഹി : കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു.

സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുത്തത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.

കർണാടകത്തിൽ ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലാവുന്നത്.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡല്‍ഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top