എൻഫോഴ്‍സ്മെന്‍റ് ആസ്ഥാനത്ത് പ്രതിഷേധം, കാറിന് മുകളിൽ കയറി ശിവകുമാർ

ന്യൂഡല്‍ഹി : കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വന്‍ പ്രതിഷേധം. ശിവകുമാറിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകവെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തിന് ചുറ്റും വളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയുണ്ടായി.

രാത്രി ഒമ്പത് മണിയോടെ പുറത്തിറക്കിയ ശിവകുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. തുടര്‍ന്ന് തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ട ശിവകുമാര്‍ കാറിന് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, നിയമപോരാട്ടം വിജയിക്കും, തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ഉദ്യമത്തില്‍ വിജയിച്ച ബിജെപി സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം എന്നായിരുന്നു അറസ്റ്റിന് ശേഷം ശിവകുമാറിന്റെ പ്രതികരണം.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡല്‍ഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top