സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി ജോക്കോവിച്ച്

ഒഹിയോ : വിംബിൾഡണിലേറ്റ പരാജയത്തിന് സിൻസിനാറ്റി ഓപ്പണിൽ പകരം വീട്ടി നൊവാക് ജോക്കോവിച്ച്. വാശിയേറിയ ഫൈനൽ മത്സരത്തിൽ കാർലോസ‌് അൽക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. വിംബിൾഡൺ ഫൈനലിലെ തോൽവിക്ക് 35 ദിവസം പിന്നിടുമ്പോഴാണ് ജോക്കോവിച്ചിന്റെ മധുര പ്രതികാരം. സ്കോർ: 5-7, 7-6(7), 7-6(4).

എടിപി ടൂർണമെന്റ് ചരിത്രത്തിലെ ദൈർഘ്യമേറിയ ‘ബെസ്റ്റ് ഓഫ് ത്രീ’ മത്സരം 3 മണിക്കൂർ 49 മിനിറ്റ് നീണ്ടു. റാഫേൽ നദാലുമായുള്ള 2012ലെ ഓസ്ട്രേലൻ ഓപ്പൺ ഫൈനൽ മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അൽക്കാരസുമായുള്ള പോരാട്ടമെന്ന്, മത്സരശേഷം ജോക്കോവിച്ച് പറഞ്ഞു. ഇത്തരം മത്സരങ്ങൾ അപൂർമായി മാത്രമേ തന്റെ കരിയറിൽ കളിച്ചിട്ടുള്ളൂവെന്നും അൽക്കാരസിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നതായും ജോക്കോവിച്ച് പറഞ്ഞു.

ജോക്കോവിച്ചിന്റെ 39-ാം മാസ്റ്റേഴ്സ് കിരീടനേട്ടമാണിത്. ജയത്തോടെ റാങ്കിങിൽ അൽക്കാരസിനു തൊട്ടടുത്ത് എത്താനും ജോക്കോവിച്ചിനായി. ഈ മാസം 28ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ജയിക്കാനായാൽ ജോക്കോയ്ക്ക് ഒന്നാം റാങ്ക് തിരികെ പിടിക്കാം. മത്സരത്തിനു പിന്നാലെയുള്ള ജോക്കോവിച്ചിന്റെ വിജയാഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി.

Top