നിശാപാര്‍ട്ടി; അറസ്റ്റ് ചെയ്ത 6 പേരെ വിട്ടയച്ചു,റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദാക്കും

ഇടുക്കി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വ്യവസായി നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ ആറു പേരെ അറസ്റ്റുചെയ്തു. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശാന്തന്‍പാറ പഞ്ചായത്ത് നടപടി തുടങ്ങി.

ക്രഷര്‍ മാനേജര്‍ കോതമംഗലം മാലിപ്ര തവരക്കാട്ട് ബേസില്‍ ജോസ്, റിസോര്‍ട്ട് മാനേജര്‍ കാന്തിപ്പാറ ചെമ്മണ്ണാര്‍ കള്ളിയാനിയില്‍ സോജി ഫ്രാന്‍സിസ്, വെച്ചൂച്ചിറ മണ്ണടിശാല തോപ്പില്‍ മനുകൃഷ്ണ, ഉടുമ്പന്‍ചോല പള്ളിക്കുന്ന് ബാബുമാധവന്‍, ശാന്തമ്പാറ രാജാപ്പാറ കുട്ടപ്പായി, ശാന്തമ്പാറ കള്ളിപ്പാറ ഇല്ലംവീട്ടില്‍ എം.എം. രാജ് എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.

ക്രഷര്‍ ഉടമ തണ്ണിക്കോട്ട് റോയി കുര്യന്‍ അടക്കം നാല്‍പ്പത്തിയെട്ട് പേര്‍ക്കെതിരേ ശാന്തമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്നെന്ന് പറയുന്ന ക്രഷറിന് ഉടുമ്പന്‍ചോല പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അനിയന്ത്രിതമായ പാറഖനനത്തെത്തുടര്‍ന്ന് റവന്യൂവകുപ്പും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തനം തടഞ്ഞ വിവാദ പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷര്‍ ആരംഭിക്കാനായി വാടകയ്‌ക്കെടുത്തത്. ക്രഷര്‍ ആരംഭിക്കുന്നതിന് റവന്യൂ വകുപ്പിന്റെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും നിരാക്ഷേപപത്രം പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടില്ല. പ്രവര്‍ത്തനാനുമതിതേടി വ്യവസായഗ്രൂപ്പ് പഞ്ചായത്തില്‍ അപേക്ഷപോലും സമര്‍പ്പിച്ചിട്ടില്ലെന്നും സെക്രട്ടറി പി.വി. ബിജു അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റല്‍സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്.

Top