ദീപാവലി ആഘോഷത്തില്‍ പൊടിപൊടിച്ച് വ്യാപാര മേഖല

മുംബൈ: കോവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ വ്യാപാരികള്‍ക്കും വിപണനത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പ് നല്‍കിയിരിക്കുകയാണ് ഇത്തവണത്തെ ദീപാവലി. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 72,000 കോടി രൂപയാണ് വ്യാപാരത്തിലൂടെ നേടാനായതെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) അറിയിച്ചത്. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്‌കരണവും രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

ലഖ്നൗ, നാഗ്പുര്‍, അഹമ്മദാബാദ്, ജമ്മു, ജയ്പുര്‍ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ ഇരുപത് നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപാവലി ഉത്സവത്തോടനുബന്ധിച്ച് നടന്ന മൊത്തവില്‍പനയുടെ കണക്ക് സിഐഎടി ശേഖരിച്ചത്. മധുരപലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, വസ്ത്രങ്ങള്‍, പൂജാവസ്തുക്കള്‍ തുടങ്ങിയവയുടെ റെക്കോഡ് വില്‍പനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്. എന്നാല്‍, മറ്റു ചില സംസ്ഥാനങ്ങളായ ഡല്‍ഹി, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പടക്ക വില്‍പന നിരോധനം 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്.

ഏഴ് കോടിയോളം വ്യാപാരികളും 40,000 ത്തോളം വ്യാപാരസംഘടനകളും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് സിഎഐടി. എല്ലാ വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള സൗകര്യം ലഭ്യമാക്കുന്നതിനായി ‘ഭാരത് ഇ മാര്‍ക്കറ്റ’് എന്ന ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് സിഎഐടി അറിയിച്ചു. ഡിപിഐഐടിയുടെ പങ്കാളിത്തത്തോടെയാവും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ആന്‍ഡ് ഇന്‍വെസ്റ്റ് ഇന്ത്യ, ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രോഡക്ടസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ , ചെറുകിട വ്യവസായ നിക്ഷേപകരായ ആവാന ക്യാപിറ്റല്‍ എന്നിവ പോര്‍ട്ടല്‍ സംരംഭത്തില്‍ കൈകോര്‍ക്കും.

Top