വൃക്ഷങ്ങള്‍ക്ക് കാലുകള്‍ നല്‍കിയ ദിവ്യാംശി സിംഹാളിന് ഗൂഗിള്‍ ഡൂഡിള്‍ അവാര്‍ഡ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ അവാര്‍ഡ് രണ്ടാം ക്ലാസ്സുകാരി ദിവ്യാംശി സിംഹാളിന്‍. വൃക്ഷങ്ങള്‍ക്ക് കാലുകളുണ്ടായിരുന്നെങ്കില്‍ മുറിച്ചു നശിപ്പിക്കാന്‍ വരുമ്പോള്‍ അവയ്ക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ… എന്ന ഈ രാണ്ടാം ക്ലാസ്സുകാരിയുടെ ചിന്ത ക്യാന്‍വാസില്‍ പകര്‍ത്തിയതിനാണ് ദിവ്യാംശി സിംഹാളിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ഷൂ ഇട്ട് നടക്കുകയും സൈക്കിളോടിക്കുകയും ചെയ്യുന്ന വൃക്ഷങ്ങളെയാണ് ദിവ്യാംശി വരച്ചത്. ഈ ചിത്രമാണ് ശിശുദിനമായ നവംബര്‍ 14 ന് ഗൂഗിളിന്റെ ഡൂഡിലായി രാജ്യം മുഴുവന്‍ കണ്ടത്. വിജയിയായ ദിവ്യാംശിക്ക് അഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പഠിക്കുന്ന സ്‌കൂളിന് രണ്ട് ലക്ഷം രൂപയുടെ ടെക്നോളജി അവാര്‍ഡും ലഭിക്കും.

ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എന്റെ പ്രതീക്ഷകള്‍… എന്നതായിരുന്നു ഇത്തവണ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്റെ വിഷയം.

ഒന്നു മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഒരു ലക്ഷത്തിലേറെ പേരുണ്ടായിരുന്നു ഇത്തവണത്തെ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്. ഛോട്ടാ ഭീം നിര്‍മാതാവ് രാജീവ് ചിലക, പ്രശസ്ത യൂട്യൂബറായ പ്രജക്ത കോലി, ആര്‍ടിസ്റ്റ് നേഹ ശര്‍മ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

Top