ദീപാ പി മോഹനന് പിന്തുണയുമായി പ്രശസ്ത ചിന്തക ദിവ്യ ദ്വിവേദി

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന ദളിത് ഗവേഷക വിദ്യാര്‍ഥി ദീപാ പി മോഹനന് പിന്തുണയുമായി പ്രശസ്ത ചിന്തകയും ജാതി വിരുദ്ധ ആക്ടിവിസ്റ്റുമായ ദിവ്യ ദ്വിവേദി. ഗവേഷണം പൂര്‍ത്തിയാക്കാനായി ദീപ നടത്തുന്ന പോരാട്ടം പ്രചോദിപ്പിക്കുന്നതാണെന്ന് ദിവ്യ ദ്വിവേദി അയച്ച സന്ദേശത്തില്‍ പറഞ്ഞു.

ദീപയുടെ വേദനയും ആശങ്കകളും ഉള്‍ക്കൊള്ളുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ ജാതി വിവേചനത്തിനെതിരെ ദീപ പ്രചോദനാത്മകമായി പോരാടുകയാണെന്ന് ദിവ്യ ദ്വിവേദി പറഞ്ഞു. ദീപയ്ക്ക് എല്ലാ പിന്തുണകളും അര്‍പ്പിക്കുന്നതായും പോരാട്ടം എത്രയും പെട്ടെന്ന് വിജയം കാണട്ടെയെന്നും ദിവ്യ ദ്വിവേദി സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി എംജി സര്‍വകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന്‍. നാനോ സയന്‍സസില്‍ ഗവേഷണം നടത്താനുള്ള സൗകര്യം പോലും സര്‍വകലാശാല അധികൃതര്‍ നിഷേധിക്കുകയാണ്. ദീപയ്ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും അധികൃതര്‍ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വ്വകലാശാല കവാടത്തിന് മുന്നില്‍ അവര്‍ നിരാഹാര സമരം തുടങ്ങയിത്.

 

Top