ജീവനാംശമായി നല്‍കിയത് നാണയങ്ങള്‍; എണ്ണി തിട്ടപ്പെടുത്താന്‍ സാധിക്കാതെ കേസ് മാറ്റിവെച്ചു

ചണ്ഡീഗഢ്: വിവാഹ മോചന കേസുകള്‍ പരിഗണിക്കവെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കേണ്ട കേസ് ജൂലായ് 27ലേക്ക് മാറ്റുന്നതിന് വരെ കാരണമായ സാഹചര്യമാണ് കോടതിയില്‍ നടന്നത്. കാരണം മറ്റൊന്നുമല്ല ജീവനാംശമായി കോടതിയിലെത്തിയ തുക എണ്ണിത്തിട്ടപ്പെടുത്താന്‍ ഒരാഴ്ച സമയം ആവശ്യമായതിനെ തുടര്‍ന്നാണ് കോടതി പ്രതിസന്ധിയിലായിരിക്കുന്നത്.

മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപയാണ് അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിരുന്നു മുഴുവനും. പണം എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് കോടതി കേസ് മാറ്റി വെച്ചത്.

2015ല്‍ ആണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. മുന്‍ ഭാര്യയ്ക്ക് ജീവനാംശമായി മാസം തോറും 25,000 രൂപ നല്‍കണമെന്ന് കേസ് തീര്‍പ്പാക്കിക്കൊണ്ട് കോടതി വിധിച്ചു. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം കിട്ടാതായതോടെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജീവനാംശം നല്‍കാനുള്ള പണം തന്റെ പക്കലില്ലെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു. എന്നാല്‍ വലിയ കേസുകള്‍ വാദിക്കുന്ന, ഏറെ വരുമാനമുള്ള അഭിഭാഷകനാണ് ഭര്‍ത്താവെന്നും നിരവധി സ്വത്തുവകകള്‍ സ്വന്തം പേരിലുണ്ടെന്നും ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു ഭാര്യയ്ക്ക് അനുകൂലമായ വിധി വന്നത്.

Top