സുധാകരനെ ചൊല്ലി യു.ഡി.എഫിൽ ഭിന്നതരൂക്ഷം, ലീഗിൽ പൊട്ടിത്തെറി

കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരന്റെ വിവാദ പ്രസ്താവനയിൽ മുസ്ലീം ലീഗിലും കടുത്ത അതൃപ്തി. വി.ഡി സതീശനും കെ.സുധാകരനും ഗവർണ്ണറെ അനുകൂലിക്കുന്നതിലും ലീഗിൽ അസംതൃപ്തി രൂക്ഷമാണ്. ഇത് ഒരു പൊട്ടിത്തെറിയിൽ കലാശിക്കാനുളള സാധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്. സംഘപരിവാർ അനുകൂലികളാണ് സതീശനും സുധാകരനുമെന്ന പ്രചരണം യു.ഡി.എഫിലെ മറ്റൊരു ഘടക കക്ഷിയായ ആർ.എസ്.പിയെയും വെട്ടിലാക്കിയിട്ടുണ്ട്.

കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. തങ്ങളുടെ പ്രതിഷേധം യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കാനാണ് ഘടക കക്ഷികളുടെ തീരുമാനം. കോൺഗ്രസ്സിലും ഭിന്നത രൂക്ഷമാണ്. കെ.സുധാകരനും സതീശനും എതിരെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായാണ് രംഗത്തുള്ളത്. ഇവരും ഘടകകക്ഷികളെ മുൻ നിർത്തിയാണ് കരുക്കൾ നീക്കുന്നത്.

കോൺഗ്രസ്സ് ഹൈക്കമാന്റിലേക്ക് നിലവിൽ വലിയ പരാതി പ്രവാഹമാണുള്ളത്. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ അവർ ഗവർണ്ണറോട് സ്വീകരിച്ച നിലപാട് തന്നെയാണ് കേരളത്തിൽ പിണറായി സർക്കാറും സ്വീകരിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ കോൺഗ്രസ്സും തമിഴക ഗവർണ്ണർക്കെതിരാണ്. ഗവർണ്ണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ട് ഡി.എം.കെക്ക് ഒപ്പം രാഷ്ട്രപതിയെ കാണുന്ന സംഘത്തിൽ കോൺഗ്രസ്സ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്.

ഇതോടെ ഗവർണ്ണർമാരോടുള്ള നിലപാടിൽ രണ്ട് നയം പിന്തുടരുന്നത് ശരിയല്ലന്ന വിമർശനവും കോൺഗ്രസ്സ് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതോടെ വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സ് ഹൈക്കമാന്റാണ്. ഇതിനു പിന്നാലെയാണ് ആർ.എസ്.എസ് അനുകൂല നിലപാടുമായി കെ. സുധാകരനും രംഗത്ത് വന്നിരിക്കുന്നത്.

അപ്രതീക്ഷിതമായ ഈ പ്രസ്താവനയിൽ പകച്ചു നിൽക്കുകയാണ് ഹൈക്കമാന്റ്. ഏത് സാഹചര്യത്തിൽ ആയാലും സുധാകരൻ പറയാൻ പാടില്ലാത്തതു തന്നെയാണ് പറഞ്ഞതെന്ന നിലപാടിലാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വമുള്ളത്. ഈ വിഷയം ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലും നേതാക്കൾ പെടുത്തിയിട്ടുണ്ട്.

താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നു എന്നുമാണ് സുധാകരന്‍ കണ്ണൂരിൽ പ്രസംഗിച്ചിരുന്നത്. പ്രസംഗം വിവാദമായപ്പോൾ തന്റെ പ്രസംഗം ദുർവ്യാഖാനം ചെയ്തെന്ന് സുധാകരൻ വിശദീകരിച്ചെങ്കിലും വിവാദ പരാമർശത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ് ചെയ്തിരിക്കുന്നത്. ഏതു പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നുമാണ് സുധാകരന്റെ ന്യായീകരണം.

കണ്ണൂർ തോട്ടടയിലെ ആർഎസ്എസ് ശാഖ സിപിഎം അടിച്ചു തകർക്കാൻ പദ്ധതിയിട്ടപ്പോൾ താൻ അങ്ങോട്ടേക്ക് ആളെ വിട്ടിട്ടുണ്ടെന്ന കാര്യം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറയാനും കെ.പി.സി.സി അദ്ധ്യക്ഷൻ മടികാണിച്ചിട്ടില്ല. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുക തന്നെ ചെയ്യുമെന്നതാണ് സുധാകരന്റെ നിലപാട്.

കോൺഗ്രസ്സിന്റെ മാത്രമല്ല മുസ്ലിം ലീഗിന്റെയും നെഞ്ചത്ത് തറച്ച പ്രതികരണമാണിത്. ഇപ്പോൾ ബി.ജെ.പിയിൽ പോകില്ലന്ന് സുധാകരൻ പറയുന്നുണ്ടെങ്കിലും നാളെ അതിനുള്ള സാധ്യത തുറന്നിട്ട് തന്നെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.

ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിനു തൊട്ടു പിന്നാലെയാണ് കേരളത്തിലെ കോൺഗ്രസ്സ് അദ്ധ്യക്ഷനും ബി.ജെ.പിയെയും ആർ.എസ്.എസിനെയും മോഹിപ്പിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇത് കേവലം യാദൃശ്ചികമായി മാത്രം വിലയിരുത്താൻ കഴിയുന്ന കാര്യമല്ല. സുധാകരന്റെ ചരിത്രവും വേറിട്ടതു തന്നെയാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ആർ.എസ്.എസുമായി മുൻപും കെ സുധാകരൻ സഹകരിച്ചിട്ടുണ്ട്. അതാകട്ടെ പരസ്യമായ രഹസ്യവുമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫിന് അടുത്ത തവണയും ഭരണം ലഭിക്കുമെന്ന പ്രതീക്ഷ സുധാകരനും ഉണ്ടാകണമെന്നില്ല. ഇനി അഥവാ ഭരണം ലഭിച്ചാൽ തന്നെ താൻ മുഖ്യമന്ത്രി ഒന്നും ആകാൻ പോകുന്നില്ലന്ന് ഏറ്റവും ആദ്യം തിരിച്ചറിയുന്നതും സുധാകരൻ തന്നെയാണ്.

അതു കൊണ്ട് തന്നെ സുധാകരൻ അധികം താമസിയാതെ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. ഈ സംശയം കോൺഗ്രസ്സ് ഹൈക്കമാന്റിനും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ ഭാരത യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടും ഇനി മറുപടി പറയേണ്ടിവരും. രാഹുൽ എന്ത് പറയും എന്നതും പ്രസക്തമായ കാര്യം തന്നെയാണ്.

കേരളത്തിലെ സർവ്വകലാശാലാ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന കെ.സുധാകരന്റെ നിലപാടും ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ അധികാരം നിലനിർത്തി കൊണ്ടു പോകണമെന്നതാണ് സുധാകരന്റെ അഭിപ്രായം.

അതേസമയം ഗവർണ്ണറോടുള്ള നിലപാടിനു പിന്നാലെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനകൂടി പുറത്തു വന്നതോടെ മുസ്ലീംലീഗ്, യു.ഡി.എഫിൽ നിന്നും വിട്ടു പോരണമെന്ന അഭിപ്രായം ലീഗ് അണികളിലും ശക്തമായിട്ടുണ്ട്. സമസ്ത പോലുള്ള ലീഗ് അനുകൂല സംഘടനകളിലും എതിർപ്പ് രൂക്ഷമാണ്.

യു.ഡി.എഫിൽ നിന്നും പുറത്ത് പോയാൽ എങ്ങോട്ട് എന്ന വലിയ ചോദ്യമാണ് ലീഗ് നേതൃത്വത്തിനു മുന്നിലുള്ളത്. കേരള രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്തൊന്നും മുസ്ലീംലീഗിന് ഇല്ലാത്തതിനാൽ ഇടതുപക്ഷം ‘ഗ്രീൻ സിഗ്നൽ’ നൽകും വരെ യു.ഡി.എഫിൽ തന്നെ ലീഗിന് തുടരേണ്ടിവരും. വല്ലാത്തൊരു ഗതികേട് തന്നെയാണിത്. ഈ അവസരം പ്രയോജനപ്പെടുത്തി യു.ഡി.എഫ് വോട്ട് ബാങ്ക് തകർക്കാനാണ് ഇടതുപക്ഷവും ശ്രമിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിന് മുൻപോ അതല്ലങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപോ കെ.സുധാകരനും സംഘവും ബി.ജെ.പിയിൽ ചേരുമെന്നാണ് സി.പി.എം വിലയിരുത്തൽ. കേരളത്തിൽ നേട്ടമുണ്ടാക്കാൻ വേണ്ടി വന്നാൽ കെ.സുധാകരനെ രാജ്യസഭയിൽ എത്തിച്ച് കേന്ദ്ര മന്ത്രിയാക്കാനും ബി.ജെ.പി. മടിക്കില്ലന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

കണ്ണൂരിൽ മുസ്ലീംപള്ളി തകർക്കാൻ എത്തിയ ആർ.എസ്.എസ് പ്രവർത്തകരെയാണ് കെ. സുധാകരൻ സംരക്ഷിച്ചതെന്ന് ആരോപിച്ച് സുധാകരനെതിരെ പുതിയ പോർമുഖമാണ് സി.പി.എം തുറന്നിരിക്കുന്നത്.

ഇവിടെയും വെട്ടിലായിരിക്കുന്നത് ഇപ്പോൾ മുസ്ലിംലീഗ് നേതൃത്വം തന്നെയാണ് സുധാകരനെ ‘തിരുത്തിക്കുക’ എളുപ്പമല്ലാത്തതിനാൽ യു.ഡി.എഫ് വിട്ട് സ്വയം ‘തിരുത്തക ‘ മാത്രമാണ് ലീഗിനു മുന്നിൽ ഇനിയുള്ള ഏക പോംവഴി. അതിന് അവർ തയ്യാറായില്ലങ്കിൽ വലിയ തിരിച്ചടിയാണ് ലീഗിനും നേരിടേണ്ടി വരിക. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top