എന്‍സിപിയിലെ ഭിന്നത: പ്രവര്‍ത്തക സമിതിയില്‍ നിന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുറത്തേക്ക്

തിരുവനന്തപുരം: എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.

തോമസ് കെ തോമസ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ എന്നിവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ തോമസ് എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. തോമസ് കെ തോമസിന് പക്വതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചതോടെയാണ് സംസ്ഥാന എന്‍സിപിയിലെ ഭിന്നത കൂടുതല്‍ വെളിവായത്. ഇതിന് പിന്നാലെ സംസ്ഥാന എന്‍സിപിയിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയയ്ക്കുകയായിരുന്നു.

ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടി ഒരു പ്രതിസന്ധിയെ നേരിട്ട് വരുമ്പോള്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിയെ വല്ലാതെ ബാധിക്കുമെന്നാണ്  മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരിച്ചിരുന്നു. നേതാക്കള്‍ സ്വന്തം നിലനില്‍പ്പ് മാത്രമാണ് നോക്കുന്നതെന്നായിരുന്നു ഭിന്നത വിഷയത്തില്‍ തോമസ് കെ തോമസിന്റെ പ്രതികരണം. എ കെ ശശീന്ദ്രന്റെ അത്ര പക്വത തനിക്കില്ലെന്നും ശശീന്ദ്രന്റെ പക്വത പഴയ കാല ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു.

Top