നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഭിന്നത; പ്രതിനിധിസഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയി

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഭിന്നത. ജനറല്‍ സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിനിധി സഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. 300 അംഗ പ്രതിനിധി സഭയില്‍ നിന്നാണ് 6 പേര്‍ ഇറങ്ങി പോയത്.

മന്നം വിഭാവനം ചെയ്ത നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. ധനമന്ത്രി കെ. എന്‍. ബാലഗോപലിന്റെ സഹോദരന്‍ കൂടിയാണ് കലഞ്ഞൂര്‍ മധു.26 വര്‍ഷമായി മധു ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇന്ന് മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയില്‍ നിന്നുള്ള ഇറങ്ങിപോക്ക്. അതേസമയം സംഘടനയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് എന്‍ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടര്‍ ബോര്‍ഡ് യോഗവും സുഗമമായി നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു.

പ്രതിനിധി സഭ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സംഘടനയെ തകര്‍ക്കാന്‍ ചിലര്‍ ഉള്ളില്‍ നിന്ന് ശ്രമിക്കുന്നു. അവര്‍ ചെയ്യുന്നത് കൊടും ചതി. അവര്‍ക്ക് സംഘടനയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

 

 

 

 

 

Top