ഒളിംപിക് യോഗ്യതാ മത്സരങ്ങൾക്ക് ജപ്പാനില്‍ തുടക്കം

ടോക്കിയോ: ഒളിംപിക്‌സ് ഒരുക്കങ്ങള്‍ക്കു തടസ്സമായി കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്നതിനിടെ ഇതാദ്യമായി വിദേശതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗ്യതാ മത്സരങ്ങള്‍ക്കു ജപ്പാനില്‍ തുടക്കമായി. ഒളിംപിക് യോഗ്യതാ മത്സരം കൂടിയായ ഡൈവിങ് ലോകകപ്പില്‍ 50 രാജ്യങ്ങളില്‍നിന്നായി 200ല്‍ അധികം താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

വോളിബോള്‍ ടൂര്‍ണമെന്റിലും ചൈനയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്നു. കോവിഡ് മൂലം ഈ വര്‍ഷത്തേക്കു മാറ്റിയ ഒളിംപിക്‌സ് ജൂലൈ 23നാണു തുടങ്ങുന്നത്. ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണു മത്സരങ്ങള്‍ അരങ്ങേറുന്നത്. താരങ്ങളെ ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുമെന്നാണ് അറിയിപ്പ്.

സ്മാര്‍ട് ഫോണുകളില്‍ പ്രത്യേക ആപ്പും കോവിഡ് നിരീക്ഷണത്തിനായി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു നിര്‍ദേശമുണ്ട്. പരിശീലനത്തിനും ഭക്ഷണത്തിനും മത്സരത്തിനുമായല്ലാതെ താരങ്ങള്‍ക്കു മുറിക്കു പുറത്തിറങ്ങാന്‍ അനുവാദമില്ല. പുറത്തിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ഡൈവിങ് മത്സരങ്ങള്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണു മത്സരവേദിയായ ടോക്കിയോ അക്വാട്ടിക് സെന്റര്‍ സ്ഥിതിചെയ്യുന്ന മേഖലയില്‍ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളില്ലെന്നാണു റിപ്പോര്‍ട്ട്. കോവിഡ് ഭീതിമൂലം ഡൈവിങ് ലോകകപ്പില്‍നിന്ന് ഓസ്‌ട്രേലിയ നേരത്തേ പിന്‍മാറിയിരുന്നു.

Top