റേഷൻ കടകൾക്ക് ലൈസൻസ് നൽകുന്നതിന് അഭിമുഖപരീക്ഷയും; ജില്ലാ സപ്ലൈ ഓഫിസർ മാർക്കിടും

തിരുവനന്തപുരം : റേഷൻ കടകൾക്കു പുതിയ ലൈസൻസ് നൽകുന്നതിൽ ഭരണസ്വാധീനം ഉറപ്പിക്കാൻ പുതിയ വ്യവസ്ഥ കൂട്ടിച്ചേർത്ത് സർക്കാർ ഇടപെടൽ. അപേക്ഷകരുമായി അഭിമുഖം നടത്തി ജില്ലാ സപ്ലൈ ഓഫിസർമാർക്ക് (ഡിഎസ്ഒ) 10 മാർക്ക് നൽകാവുന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയത്. ആകെ മാർക്ക് 50. നേരത്തേ ഉണ്ടായിരുന്ന വ്യവസ്ഥകളിൽ വിദ്യാഭ്യാസ യോഗ്യത, വിൽപനപരിചയം, സ്വന്തം പഞ്ചായത്ത് എന്നീ വ്യവസ്ഥകൾക്ക് അനുവദിച്ചിരുന്ന മാർക്കിൽ കുറവു വരുത്തിയാണു ഡിഎസ്ഒയ്ക്കു 10 മാർക്ക് നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത്. കട നടത്താനുള്ള കഴിവ്, താൽപര്യം, മുൻപരിചയം എന്നിവ വിലയിരുത്തുന്ന അഭിമുഖ സമിതിയിൽ താലൂക്ക് സപ്ലൈ ഓഫിസർ, ജില്ലാ സപ്ലൈ ഓഫിസിലെ സീനിയർ സൂപ്രണ്ട് എന്നിവരും ഉണ്ടാകും.

സംസ്ഥാനത്തു നിലവിലെ റേഷൻ കടകളുടെ ലൈസൻസ് പുതുക്കാനും ലൈസൻസി ഇല്ലാത്ത ആയിരത്തോളം കടകൾക്കു പുതിയവ അനുവദിക്കാനുമുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഉത്തരവ്. 14,000ൽ ഏറെ റേഷൻ കടകളാണു സംസ്ഥാനത്തുള്ളത്.

സിവിൽ സപ്ലൈസ് കമ്മിഷണർ നൽകിയ ശുപാർശ പരിഗണിച്ചാണു ഭേദഗതി. സിപിഐ ഭരിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിനു കീഴിലാണു റേഷൻകടകൾ. വകുപ്പിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും പ്രധാനസംഘടനകൾ സിപിഐയെ അനുകൂലിക്കുന്നവയാണ്.

Top