ഷഹല ഷെറിന്‍റെ മരണം; ജില്ലാ ജഡ്‍ജ് ഹൈക്കോടതിക്ക് ഇന്ന് റിപ്പോർട്ട് നല്‍കും

വയനാട് : ഷഹല ഷെറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ജഡ്ജ് ചെയര്‍മാനായ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് സമര്‍പ്പിക്കും.

വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജ് എ ഹാരിസും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ പി സുനിതയുമടങ്ങുന്ന സംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ഹൈലവല്‍ മീറ്റിങ്ങിലുയര്‍ന്ന നിര്‍ദേശങ്ങളും സ്‌കൂളിലെ പ്രധാനാധ്യാപകനടക്കമുള്ളവരുടെ വിശദീകരണങ്ങളും റിപ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കേണ്ടത് സംബന്ധിച്ച നിര്‍ദേശങ്ങള്‍കൂടി അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

Top