എറണാകുളം ജില്ലയില്‍ ആശങ്കപ്പെടേണ്ട, സ്ഥിതി നിയന്ത്രണവിധേയം

കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിലവില്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ല. എറണാകുളം മാര്‍ക്കറ്റില്‍ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതിരുന്നവരില്‍ രണ്ടു രോഗികളുടെ ഉറവിടം സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുണ്ട്. ഇത് ഉടന്‍ സ്ഥിരീകരിക്കുമെന്നും മറ്റ് രോഗികളുടെയും രോഗ ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

നിയന്ത്രിത മേഖലയില്‍ ഉള്ള ഹോട്ടലില്‍ താരസംഘടനയുടെ യോഗം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാമൂഹിക വ്യാപന ഭീതി നിലനില്‍ക്കെ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. നഗരത്തിലെ എട്ട് ഡിവിഷനുകള്‍ അടച്ചു. മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവശത്തിലെ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതിനിടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള തോപ്പുംപടി സ്വദേശിയായ 66 കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിക്കുകയും,വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയില്‍ മരിച്ചയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top