സബ്ട്രഷറിയിലെ ജീവനക്കാരന്‍ പണം തിരിമറി നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറിയിലെ ജീവനക്കാരന്‍ പണം തിരിമറി നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം കളക്ടര്‍ നവ്ജ്യോത് ഘോസ. അക്കൗണ്ടില്‍നിന്നു പണം നഷ്ടമായിട്ടില്ലെന്നാണ് കളക്ടറുടെ വിശദീകരണം. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കളക്ടറുടെ അക്കൗണ്ടില്‍നിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരന്‍ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടര്‍ ട്രഷറി ഡയറക്ടറില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അക്കൗണ്ടിലെ പണം തിരിമറികള്‍ക്കായി ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം ആര്‍ ബിജുലാലിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

സീനിയര്‍ അക്കൗണ്ടന്റ് എം ആര്‍ ബിജുലാല്‍ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടര്‍ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപയുടെ തിരിമറി നടന്നതായി ആണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Top