ദിലീപിന്റെ മദ്ധ്യസ്ഥതയില്‍ സിനിമാ പ്രതിസന്ധിക്ക് പരിഹാരം, മള്‍ട്ടിപ്ലക്‌സുകള്‍ക്കു നല്‍കാന്‍ ധാരണ

theatre

കൊച്ചി: നടന്‍ ദിലീപിന്റെ ഇടപെടലില്‍ സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി.

മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റിലീസിന് ചിത്രങ്ങള്‍ നല്‍കേണ്ടെന്ന തീരുമാനത്തില്‍ നിന്നു വിതരണക്കാരും നിര്‍മാതാക്കളും പിന്‍മാറി. ദിലീപിന്റെ ഇടനിലയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിസന്ധിക്കു പരിഹാരമായത്. റിലീസിന്റെ രണ്ടാമത്തെ ആഴ്ച 47.5 ശതമാനവും മൂന്നാം ആഴ്ച 40 ശതമാനവും വിഹിതം നല്‍കാനാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ധാരണ.

തിയറ്റര്‍ വിഹിതത്തിന്റെ പേരിലാണ് മള്‍ട്ടിപ്ലക്‌സ് മേഖലയില്‍ പ്രതിസന്ധി ഉടലെടുത്തത്. റിലീസിന്റെ ആദ്യ ആഴ്ചയില്‍ നിര്‍മാതാക്കള്‍ക്ക് 55 ശതമാനവും 45 ശതമാനം തിയറ്ററുടമകള്‍ക്കും ലഭിക്കുന്ന തരത്തിലായിരുന്നു തിയറ്റര്‍ വിഹിതം. രണ്ടു മൂന്നും ആഴ്ചകളിലെ തിയറ്റര്‍ വിഹിതത്തിലാണ് തര്‍ക്കമുണ്ടായത്.

സാധാരണ തിയറ്ററുകളുടെ അതേ അനുപാതത്തില്‍ മള്‍ട്ടിപ്ലക്‌സില്‍നിന്നു തിയറ്റര്‍ വിഹിതം ലഭിക്കണമെന്നതായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ഇത് അംഗീകരിക്കാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ തയാറായില്ല. ഇതേതുടര്‍ന്ന് മള്‍ട്ടിപ്ലക്‌സുകള്‍ക്കു സിനിമകള്‍ നല്‍കേണ്ടെന്ന് വിതരണക്കാരും നിര്‍മാതാക്കളും തീരുമാനിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്കു താത്കാലിക പരിഹാരമായതോടെ പെരുന്നാള്‍ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളിലും റിലീസ് ചെയ്യുമെന്ന് ഉറപ്പായി.

Top