കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു : കെ കെ ശൈലജ

തിരുവനന്തപുരം : കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.

കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.

Top