പിഎംജികെവൈ കീഴില്‍ ഭക്ഷ്യസാധന വിതരണം: മോദിയുടെ ചിത്രമുള്ള സഞ്ചികള്‍ക്ക് ചെലവാക്കിയത് 15 കോടി

ക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ബാഗുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സഞ്ചികള്‍ക്കായി 15 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ)യ്ക്ക് കീഴിലാണ് മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ബാഗുകളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരാവകാശ നിയമം പ്രകാരം (ആര്‍ടിഐ) ആക്റ്റിവിസ്റ്റ് അജയ് ബോസിന് ലഭിച്ച മറുപടിയില്‍ രാജസ്ഥാന്‍, സിക്കിം, മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ)യുടെ റീജിയണല്‍ ഓഫീസുകള്‍ മോദിയുടെ ലോഗോ പതിപ്പിച്ച ബാഗുകളിലേക്കുള്ള ടെന്‍ഡറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന മറുപടി ലഭിച്ചിട്ടുണ്ട്.

പിഎംജികെഎവൈക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന (എഎവൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്‌സ് (പിഎച്ച്എച്ച്) എന്നീ വിഭാഗങ്ങളിലെ 81.35 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പിഎംജികെഎവൈയ്ക്ക് കീഴില്‍ 75 കോടി ജനങ്ങള്‍ക്കാണ് 2020-21, 2021-22 വര്‍ഷങ്ങളില്‍ പ്രയോജനം ലഭിച്ചതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

രാജസ്ഥാനില്‍ 10 കിലോ സാധനങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന 1.07 കോടി സിന്തറ്റിക് ബാഗുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് ആര്‍ടിഐ വഴി ലഭിച്ച വിവരം. ഒരു ബാഗിന് 12.375 രൂപ വീതം ആകെ 13.29 കോടി രൂപയാണ് രാജസ്ഥാനില്‍ മാത്രം സിന്തറ്റിക് ബാഗിന് ചെലവാകുന്നത്. സമാനമായി 12.5 രൂപ വീതം ആകെ 52.75 ലക്ഷം രൂപയ്ക്കാണ് മേഘാലയയില്‍ 4.22 ലക്ഷം ബാഗുകള്‍ വാങ്ങിയിരിക്കുന്നത്. പ്ലാസ്‌കോം ഇന്‍ഡസ്ട്രീസ് എല്‍എല്‍പിയില്‍ നിന്നാണ് ബാഗുകള്‍ വാങ്ങിയിരിക്കുന്നത്.

എന്നാല്‍ മിസോറാമിലും ത്രിപുരയിലും ഒരു ബാഗിന് 14.3 രൂപയാണ് ചെലവാകുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബാഗ് വിതരണം ചെയ്യുന്നത് എസ്എസ്എസ് സര്‍വീസസാണ്. മോദിയുടെ ചിത്രമുള്ള 1.75 ലക്ഷം ബാഗുകള്‍ക്ക് മിസോറാമില്‍ 25 ലക്ഷം രൂപയും 5.98 ലക്ഷം ബാഗുകള്‍ക്ക് ത്രിപുരയില്‍ 85.51 രൂപയും ചെലവായിട്ടുണ്ട്. ഇന്‍ജെക്ടോ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന 10 കിലോ പിഎംജികെഎവൈ ബാഗുകളാണ് സിക്കിമില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബാഗുകള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. 14.65 രൂപ വരുന്ന 98,000 ബാഗുകളാണ് സിക്കിമില്‍ നിര്‍മിക്കുന്നത്. ആകെ വരുന്ന ചെലവ് 14.35 ലക്ഷം.

പശ്ചിമ ബംഗാളില്‍ ബാഗ് നിര്‍മാണ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മോദിയുടെ ലോഗോയുള്ള നെയ്ത ലാമിനേറ്റഡ് ബാഗുകള്‍ക്കുള്ള ടെന്‍ഡറുകള്‍ നല്‍കാന്‍ എഫ്‌സിഐ അതിന്റെ 26 റീജിയണല്‍ ഓഫീസുകള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

കോവിഡ് ആരംഭിച്ച 2020 മുതല്‍ പിഎംജികെവൈയ്ക്ക് കീഴില്‍ സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ 50 കിലോയുടെ ബ്രാന്‍ഡ് ചെയ്യാത്ത ചണച്ചാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024ലാണ് രാഷ്ട്രീയ വ്യക്തികളുടെ മുഖം പതിപ്പിച്ച ബ്രാന്‍ഡ് ചെയ്ത ബാഗുകള്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top