കൂട്ടുകാരും എതിര്‍ത്ത് തുടങ്ങി; സിഎഎ പിന്‍വലിക്കൂ, ബിജെപിയോട് മായാവതി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരണവുമായി ബിഎസ്പി മേധാവി മായാവതി. കേന്ദ്ര ഗവണ്‍മെന്റ് സിഎഎ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ കൂട്ടുകക്ഷികളില്‍ പോലും ഇതിനെതിരെ രോഷം പുകയുന്നതായി മായാവതി ചൂണ്ടിക്കാണിച്ചു.

പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് അവര്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു. ‘സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ എതിര്‍ശബ്ദങ്ങള്‍ എന്‍ഡിഎയ്ക്ക് അകത്ത് നിന്നുതന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇതിനാല്‍ കേന്ദ്രം അതിന്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാണ് ബിഎസ്പി ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങള്‍ സമാധാനപരമായി നടത്തണമെന്നാണ് ആളുകളോട് ആവശ്യപ്പെടാനുള്ളത്’, മായാവതി ട്വിറ്ററില്‍ കുറിച്ചു.

അതിക്രമങ്ങളിലും, പൊതുമുതല്‍ നശിപ്പിച്ചുമുള്ള പ്രതിഷേധങ്ങളില്‍ തന്റെ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്ന് മായാവതി വ്യക്തമാക്കി. പൗരത്വ ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായ നിയമം നടപ്പാക്കിയ രീതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. തുടക്കം മുതല്‍ ഞങ്ങള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്, എന്നാല്‍ മറ്റ് പാര്‍ട്ടികളെ പോലെ പൊതുമുതല്‍ നശിപ്പിക്കാനും, അക്രമത്തിനും ഞങ്ങളില്ല, മായാവതി പറഞ്ഞു.

പൗരത്വ നിയമത്തിന്റെ പേരില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബിഎസ്പി അംഗങ്ങള്‍ കണ്ടതായും അവര്‍ അറിയിച്ചു. ഈ നിയമം ഒരു തെറ്റാണെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറയുന്നു.

Top