പ്രാണപ്രതിഷ്ഠ’ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ അതൃപ്തി; കോണ്‍ഗ്രസ് എംഎല്‍എ നിയമസഭാംഗത്വം രാജിവച്ചു

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ നിയമസഭാംഗത്വം രാജിവച്ചു. ഗുജറാത്തിലെ വിജാപൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ മുതിര്‍ന്ന നേതാവ് സി.ജെ ചാവ്ദയാണ് രാജിവച്ചത്. രാമക്ഷേത്ര വിഷയത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം ആഹ്ലാദിക്കുന്നതിന് പകരം പാര്‍ട്ടി സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസ് വിട്ട ചാവ്ദ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ചിരാഗ് പട്ടേലും നിയമസഭയില്‍ നിന്ന് രാജിവച്ചിരുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ നിന്ന് ചാവ്ദ കൂടി രാജിവച്ചതോടെ കോണ്‍ഗ്രസ് എംഎംഎല്‍മാരുടെ എണ്ണം 15 ആയി കുറഞ്ഞു.

”കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 25 വര്‍ഷം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് നടക്കാനിരിക്കെ രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്. ആ സന്തോഷ തരംഗത്തിന്റെ ഭാഗമാകുന്നതിന് പകരം ഈ പാര്‍ട്ടി കാണിച്ച സമീപനമാണ് തീരുമാനത്തിന് പിന്നില്‍. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും പിന്തുണയ്ക്കണം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് അത് ചെയ്യാന്‍ കഴിയില്ല”- സി.ജെ ചാവ്ദ പറഞ്ഞു.

Top