കെപിസിസി പുനസംഘടനയില്‍ അതൃപ്തി; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി എംഎം ഹസന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി എം.എം ഹസ്സന്‍. നേതാക്കള്‍ക്കിടയില്‍ വ്യാപകമായ പരാതിയുണ്ടെന്ന് ഹസന്‍ പറഞ്ഞു. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ അമര്‍ഷം പരസ്യമാക്കി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിര്‍ദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാന്‍ തുറന്നടിച്ചു. അര്‍ദ്ധ രാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന കോണ്‍ഗ്രസില്‍ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ച് ഇനിയുള്ള പുനസംഘടനാ നടപടികളുമായി നിസ്സഹകരിക്കാന്‍ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവന്‍ എം പി ഇന്നലെ വിമര്‍ശിച്ചത്. പുനസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നാണ് ബെന്നി ബഹനാന്‍ ഇന്ന് പ്രതികരിച്ചത്. നേതൃത്വത്തെ ഇനി കാണില്ലെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.

 

Top