കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

തിരുവനന്തപുരം: കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. മുരളിയെ ഇനി അനുനയിപ്പിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍. തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെയെന്നും ധാരണയായിട്ടുണ്ട്. നാളെത്തെ കെപിസിസി ഭാരവാഹി യോഗത്തിലും മുരളിക്കെതിരെ വിമര്‍ശനം ഉയര്‍ന്നേക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കെ.മുരളീധരന്‍. മുന്‍പ് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ഗുണം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമല്ല. അതിനാല്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എംപി രംഗത്തെത്തിയിരുന്നു. സ്ഥിരം സ്റ്റാര്‍ ആയതുകൊണ്ട് താരപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്‌നമില്ല. ആരോടും ഇക്കാര്യത്തില്‍ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരന്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്. അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു മുരളീധരന്റെ വാക്കുകള്‍. വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ ജ്യോത്സ്യന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

53 വര്‍ഷം ഉമ്മന്‍ചാണ്ടി എംഎല്‍എ ആയത് നൂലില്‍ കെട്ടി ഇറക്കിയിട്ടല്ല. ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത പിണറായിയെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഏഴര വര്‍ഷമായി നടക്കുന്നത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. പ്രതിപക്ഷനേതാവിന്റെ ഏഴ് ചോദ്യങ്ങളില്‍ ഒരെണ്ണത്തിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മകള്‍ക്കെതിരെ ഉണ്ടായ ആരോപണത്തില്‍ എന്തുകൊണ്ട് ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലപഞ്ചായത്ത് തോറും മുഖ്യമന്ത്രി പ്രസംഗിച്ചാലും ഇടത് സ്ഥാനാര്‍ത്ഥി ജയിക്കില്ല. മന്ത്രിമാരെല്ലാം പുതുപ്പള്ളി വന്നു കണ്ടു പൊയ്‌ക്കോട്ടെ. ഒരു പ്രതീക്ഷയും ഈ മണ്ഡലത്തില്‍ വേണ്ടതില്ലെന്നുമായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പിന് മുമ്പ് കെ.മുരളീധരന്റെ പ്രതികരണം.

Top