ഗോപന്റെ മൃതദേഹത്തോട് അനാദരവ്; കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി നല്‍കിയില്ല

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍ മേധാവിയുമായ എസ്.ഗോപന്‍ നായരു(79)ടെ മൃതദേഹം കേരള ഹൗസില്‍ പൊതു ദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി.കേരള ഹൗസ് റസിഡന്റ് കമ്മീഷ്ണര്‍ പൊതു ദര്‍ശനത്തിനു അനുമതി നിഷേധിച്ചതായാണ് പരാതി. അതേസമയം പൊതു ദര്‍ശനം ഒഴിവാക്കി മൃതദേഹം കല്‍ക്കാജിയിലെ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4. 30 വരെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. അതേസമയം രേഖാമൂലം തന്നോട് ആരും അനുമതി തേടിയില്ലെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷ്ണര്‍ പുനിത് കുമാര്‍ പ്രതികരിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 8.10ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രാത്രിയോടെ പൊതുദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡല്‍ഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്. രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. 8.10 ഓടെ പൊതുദര്‍ശനത്തിന് എത്തിക്കാം. 11 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്നും കരുതിയിരുന്നു.

എന്നാല്‍ ബന്ധപ്പെട്ട ആളുകള്‍ ഇന്ന് രാവിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോള്‍ കേരള സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിക്കണമെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോള്‍ ട്രാവന്‍കൂര്‍ പാലസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആവശ്യപ്പെട്ടു. ട്രാവന്‍കൂര്‍ പാലസ് ഇപ്പോള്‍ കാട് കയറിക്കിടക്കുകയാണ്. അവിടെ പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് അനാദരവാണെന്ന് മനസ്സിലാക്കിയാണ് സുഹൃത്തുക്കളും ഡല്‍ഹിയിലെ മലയാളികളും ചേര്‍ന്ന് ഗോപന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

ഏറെനാളായി വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ന്യൂഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗോപന്‍ നായര്‍. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ഡല്‍ഹിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. വിരമിച്ച ശേഷം സ്വതന്ത്രമായി ആകാശവാണിക്കും ദൂരദര്‍ശനും പരിപാടികള്‍ ചെയ്തിരുന്നു. ആകാശവാണി മലയാളം വിഭാഗം മേധാവിയായിട്ടായിരുന്നു ജോലിയില്‍ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളുടെ ഭാഗമായും ഗോപന്‍ നായരുടെ ശബ്ദം മലയാളികള്‍ കേട്ടു. വിവിധ മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. പുകവലിക്കെതിരായ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി. ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.39 വര്‍ഷക്കാലം ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായിരുന്നു.

Top