ഡല്‍ഹിയിലെ ‘തൂത്തുവാരലില്‍’ ബിജെപിയുടെ ചങ്ക് കലങ്ങി; രോഷം കസേര തെറിപ്പിക്കുമോ?

manoj-tiwari

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൊതിച്ച വിജയം ആം ആദ്മി പാര്‍ട്ടി കൊണ്ടുപോയപ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ചങ്ക് കലങ്ങിയെന്നത് നേരാണ്. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിയാമെന്ന് ഓഫര്‍ നല്‍കിയിട്ടില്ലെന്നാണ് മനോജ് തിവാരി അവകാശപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് 8 സീറ്റിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ഇതോടെ രാജ്യതലസ്ഥാനത്ത് പാര്‍ട്ടി ചട്ടക്കൂട് പൊളിച്ചെഴുതണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത്രയധികം കഷ്ടപ്പെട്ടിട്ടും 2015 തെരഞ്ഞെടുപ്പിനേക്കാള്‍ 5 സീറ്റ് മാത്രമാണ് അധികം നേടാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ വൈകിയത് മുതല്‍ ദുര്‍ബലമായ സംഘടനാ സ്ഥിതിയും, ആം ആദ്മി നല്‍കിയ വാഗ്ദാനപ്പെരുമഴയെ നേരിടാന്‍ കഴിയാതെ പോയതുമാണ് തോല്‍വിക്ക് കാരണമെന്നാണ് പല മുതിര്‍ന്ന നേതാക്കളും ആരോപിക്കുന്നത്.

മുഖ്യമന്ത്രി ആരെന്ന് വ്യക്തമാക്കാതെ മത്സരിക്കാന്‍ ഇറങ്ങിയതും തിരിച്ചടിയായി. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നേതൃത്വം നല്‍കിയ ബഹളം വെച്ചുള്ള പ്രചരണങ്ങള്‍ രണ്ടാഴ്ച അരങ്ങേറിയത്. 200 എംപിമാരും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടെയുള്ളവരും പ്രചരണത്തിന് ഇറങ്ങി. 15 ദിവസം മാത്രം നീണ്ട പ്രചരണത്തില്‍ എട്ട് സീറ്റും, 40% വോട്ട് വിഹിതവും മോശമല്ലെന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവിന്റെ വിലയിരുത്തല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എഎപി പ്രചരണം തുടങ്ങി. ബിജെപി പ്രചരണത്തിന് ഇറങ്ങുമ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ആപ്പിന്റെ വെള്ളം, വൈദ്യുതി സബ്‌സിഡിയും, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയുമാണ് ബിജെപിയുടെ സ്വപ്നത്തില്‍ വെള്ളംകോരി ഒഴിച്ചതെന്നാണ് കരുതുന്നത്.

Top