സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ആറന്മുളയില്‍ ബിജെപിക്കുള്ളില്‍ തര്‍ക്കം

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ആറന്മുളയില്‍ ബിജെപിക്കുള്ളില്‍ തര്‍ക്കം. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ബിജു മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ രംഗത്തെത്തിയത്. വിജയ സാധ്യതയുള്ള അറന്മുളയില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ഇവരുടെ ആവശ്യം. ബിജുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം കമ്മിറ്റികള്‍ രാജി വയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

പഞ്ചായത്ത് മെമ്പര്‍മാരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് ആര്‍ എസ് എസിന്റെ പിന്തുണയും ഉണ്ട്.സംസ്ഥാനത്ത് 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും സ്ഥാനര്‍ത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരിക്കുന്ന കാര്യത്തില്‍ വിമുഖത കാട്ടിയ സുരേഷ് ഗോപിയുമായി ദേശീയ നേതാക്കള്‍ സംസാരിച്ചു.സുരേഷ് ഗോപി തൃശൂര്‍ മത്സരിച്ചാല്‍ തിരുവന്തപുരത്ത് കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

 

Top