ജീവനക്കാരുമായി തർക്കം; ബംഗളൂരു വിമാനത്തില്‍ തുണിയുരിഞ്ഞ് യാത്രികന്‍

ബംഗളൂരു-ഡല്‍ഹി വിമാനത്തില്‍ തുണിയുരിഞ്ഞ് യാത്രക്കാരന്‍. മദ്യാസക്തിയില്‍ വിമാനജീവനക്കാരുമായി തര്‍ക്കമുണ്ടായ ശേഷമാണ് ഇയാള്‍ സ്വന്തം വസ്ത്രമഴിച്ചത്. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ 15-722 വിമാനത്തിലാണ് സംഭവം.

ഇതേക്കുറിച്ച് വിമാനത്തിലെ യാത്രക്കാരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറയുന്നതിങ്ങനെ; ‘ലൈഫ് ജാക്കറ്റുമായി ബന്ധപ്പെട്ട് യാത്രക്കാരന്‍ ആദ്യം കാബിന്‍ ക്രൂവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് മോശമായി പെരുമാറി. ജീവനക്കാര്‍ അയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു’

വിമാനം ലാന്‍ഡ് ചെയ്യും മുമ്പ് പൈലറ്റ് ഡല്‍ഹി എയര്‍ ട്രാഫിക് കോണ്‍ട്രോളറെ സംഭവമറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

 

Top