തര്‍ക്കം; പതിനാറുകാരന്‍ ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടു

ഉന്നാവ്: ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു. പതിനാല് വയസുകാരനാണ് പ്രതിസ്ഥാനത്ത് എന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാഫിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സലേഹ്നഗറില്‍ മാര്‍ച്ച് 31ന് വൈകിട്ടായിരുന്നു മത്സരം. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ. ‘വ്യാഴാഴ്ച വൈകിട്ടോടെ ഒരു കൂട്ടം കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനെത്തി. ക്രീസിലുണ്ടായിരുന്ന പതിനാലുകാരന്‍ എല്‍ബിയില്‍ പുറത്തായതായി അംപയര്‍ വിധിച്ചെങ്കിലും ഈ ബാലന്‍ ക്രീസ് വിടാന്‍ കൂട്ടാക്കിയില്ല.

അംപയറുടെ സമീപത്തുണ്ടായിരുന്ന ഒരു ഫീല്‍ഡര്‍ ഔട്ടിനായി ശക്തമായി വാദിച്ചതോടെ ഇരുവരും തമ്മില്‍ വാക്വാദമുണ്ടായി. തുടര്‍ന്ന് ഫീല്‍ഡര്‍ ബാറ്റ്‌സ്മാനെ തല്ലി. പ്രകോപിതനായ ബാറ്റ്‌സ്മാന്‍ ബാറ്റുകൊണ്ട് താരത്തിന്റെ കഴുത്തിന് അടിക്കുകയായിരുന്നു’ എന്നാണ് സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ ക്രിപ ശങ്കര്‍ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ പതിനാറുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍  അന്വേഷണം പുരോഗമിക്കുകയാണ്.

 

Top