വാടക പണത്തെ ചൊല്ലി തര്‍ക്കം; യുവാവ് രണ്ട് പേരെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാടക പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് രണ്ടു പേരെ കൊലപ്പെടുത്തി. രഘുബിര്‍ നഗറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സ്വദേശി സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രഘുബിര്‍ നഗറിലെ വാടക വീട്ടില്‍ ഒന്നിച്ചു താമസിച്ചിരുന്ന അജാം(45), അമീര്‍ ഹസന്‍(46) എന്നിവരെയാണ് സക്കീര്‍ കൊലപ്പെടുത്തിയത്. വീടിന്റെ മാസ വാടകയായ 4,000 രൂപ മൂന്നു പേരും പങ്കിട്ടാണ് നല്‍കിയിരുന്നത്.

നാലു മാസങ്ങള്‍ക്കു മുന്‍പ് വീട്ടിലേക്കു പോയ സക്കീര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഈ നാലു മാസത്തെയും വാടക നല്‍കണമെന്ന് സക്കീറിനോട് മറ്റ് രണ്ടുപേരും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വഴക്കില്‍ കലാശിച്ചു. തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഇരുവരെയും സക്കീര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സ്ഥലത്ത് നിന്നും മുങ്ങിയ സക്കീറിനെ പൊലീസ് പിടികൂടി.

Top