പ്ലേറ്റിനെ ചൊല്ലി തര്‍ക്കം; വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വിവാഹചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. അക്രമങ്ങളെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു.

ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാര്‍ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാല്‍ത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വിവാഹത്തിന് മുമ്പുള്ള തിലക് എന്ന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.

തിലക് ചടങ്ങില്‍ പങ്കെടുക്കാനായി വധുവിന്റെ പിതാവും ബന്ധുക്കളും തിങ്കളാഴ്ച രാത്രി വരന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തിനിടെ വരന്റെ ബന്ധുവായ ഭാഗവന്ദ്ദാസ് വധുവിന്റെ അമ്മാവനായ മാന്‍ഷറാമിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മിക്കവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യപ്രതിയായ ഭാഗവന്ദ്ദാസിനെ അറസ്റ്റ് ചെയ്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധവും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. കേസില്‍ മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

Top