ബീഹാർ മഹാസഖ്യത്തില്‍ മന്ത്രിമാരെ ചൊല്ലി തർക്കം

പറ്റ്ന : മന്ത്രി സഭ രൂപീകരിച്ച് അധികം ദിവസങ്ങൾ പിന്നിടും മുമ്പേ ബിഹാര്‍ മഹാസഖ്യത്തില്‍ അതൃപ്തി. ആർജെഡിയുടെ നിയമമന്ത്രിക്കെതിരായ കേസിനെ ചൊല്ലി ബിഹാര്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. പ്രതിപക്ഷ വിമര്‍ശനം ശക്തമായതോടെ മന്ത്രി കാര്‍ത്തിക് സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെയും ജെഡിയുവിലെയും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പട്ടു. മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഇതിനിടെ ജെഡിയു എംഎല്‍എ ഭീഷണി മുഴക്കി.

നിയമമന്ത്രി കാര്‍ത്തിക് സിംഗിനെതിരെ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മുറുകുന്നത്. രാജീവ് രംഗന്‍ സിംഗ് എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ആർജെഡിയുടെ മന്ത്രിക്കെതിരെ ചുമത്തിയത്. നടപടികള്‍ റദ്ദാക്കണമെന്ന സിംഗിന്‍റെ ഹര്‍ജി ബിഹാര്‍ ഹൈക്കോടതി തള്ളുകളും ചെയ്തു. നിലവില്‍ അറസ്റ്റ് വാറണ്ടുമുണ്ട്. മന്ത്രിക്കെതിരായ കേസ് ആയുധമാക്കി ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ മഹാസഖ്യത്തിനെതിരെ വലിയ ആക്ഷേപമാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് വീണ്ടും ഗുണ്ടാരാജും അഴിമതിയും തുടങ്ങിയെന്നും കള്ളന്മാരാകും ഇനി ബിഹാര്‍ ഭരിക്കുകയെന്നും മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.

പ്രതിപക്ഷ വിമര്‍ശനം ശക്തമായതോടെ മന്ത്രിയെ മാറ്റണമെന്ന് ജെഡിയുവിലെയും കോണ്‍ഗ്രസിലെയും ഒരുവിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടാവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നുമാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. മുന്നണിയിലെ വികാരം നിതീഷ് കുമാര്‍ തേജസ്വിയാദവിനെ ധരിപ്പിച്ചു. എന്നാല്‍ കെട്ടിചമച്ച കേസാണെന്നായിരുന്നു ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയുടെ പ്രതികരണം.

ഇതിനിടെ ജെഡിയുവിലും പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങി. മന്ത്രി സ്ഥാനം നല്‍കാത്തതില്‍ നേതൃത്വത്തിനെതിരെ ബിമ ഭാരതി എംഎല്‍എ വിമര്‍ശനം കടുപ്പിച്ചു. ക്രിമിനല്‍ കേസില്‍ പെട്ട, പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട ലെഷി സംഗിനെ മന്ത്രിയാക്കിയതിനെ ബിമ ഭാരതി ചോദ്യം ചെയ്തു. 2014 ലും 2019 ലും ബിമ ഭാരതി മന്ത്രിയായതാണെന്നും എല്ലാക്കാലവും മന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നുമാണ് ജെഡിയു നേതൃത്വത്തിന്‍റെ നിലപാട്.

Top