കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിയമപരമായ പരിഹാരം ഉണ്ടാകട്ടെ: യുഡിഎഫ്

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനത്തര്‍ക്കത്തിന് നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്ന് യുഡിഎഫ്. പ്രശ്‌നത്തില്‍ നിയമപരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പി.ജെ. ജോസഫിനോട് അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംകെ മൂനീറും നിയമസഭയില്‍ വെച്ച് പിജെ ജോസഫുമായി സംസാരിച്ചു. പ്രകോപനം പാടില്ലെന്നുള്ള നിര്‍ദ്ദേശം ജോസഫ് അംഗീകരിച്ചു എന്നാണ് വിവരം.

മുന്നണിയുടെ കെട്ടുറപ്പിന് ബാധിക്കുന്ന രീതിയിലേക്ക് തര്‍ക്കം പോകരുതെന്നാണ് യുഡിഎഫ് കേരള കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടത്. അടുത്ത ദിവസം യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തും

അതേസമയം കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത് വിലക്കിയ ഉത്തരവിനെതിരെ ജോസ് കെ.മാണി വിഭാഗം ഇന്ന് തൊടുപുഴ കോടതിയെ സമീപിച്ചേക്കും. മുന്‍സിഫ് കോടതിയുടെ സ്റ്റേ ഒരു ഭാഗം കേള്‍ക്കാതെയാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റ വാദം. ഞായറാഴ്ച നടന്ന യോഗത്തിലെ വിവരങ്ങള്‍ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്. യോഗത്തില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നതായും അറിയിക്കരുതെന്ന് മുന്‍സിഫ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഞായരാഴ്ച തന്നെ ഓഫീസിലെത്ത് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മുന്‍സിഫ് കോടതിയെ ധരിപ്പിക്കും.

Top