തൃശൂരിൽ സംഘപരിവാർ നേതാവും ബിജെപിയും തമ്മിൽ തർക്കം

തൃശ്ശൂർ: തൃശൂർ ജില്ലയിൽ സംഘപരിവാറിന്റെ പ്രമുഖ നേതാവും സംഘവും ബി.ജെ.പി.യുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് സൂചന. പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കാൻ ബി.ജെ.പി.യിലും നീക്കമുണ്ട്.തൃശ്ശൂർ കോർപ്പറേഷനിലെ കുട്ടൻകുളങ്ങര ഡിവിഷനിൽ ബി.ജെ.പി. തോറ്റതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളാണ് പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. ഇവിടെ തോറ്റതിനു പിന്നിൽ ഈ നേതാവിന് പങ്കുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ പ്രചരിച്ചിരുന്നു.

ബി.ജെ.പി. നേതൃത്വം ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇടതുപക്ഷം വോട്ട് കോൺഗ്രസിന് മറിച്ചുകൊടുത്തു എന്ന നിലപാടിലാണ് നേതൃത്വം. ഇതിനിടെയാണ് ബി.ജെ.പി.യുടെ തോൽവി ആഘോഷമാക്കി എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിച്ചത്. സംഘപരിവാർ നേതാവിന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷമാണ് വിവാദമായത്. ഈ ചിത്രത്തിന്റെ പേരിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ പേരിൽ പോലീസിൽ പരാതിയും വന്നിരുന്നു.

Top