വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് ദീപാ മോഹനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ പ്രശ്നങ്ങളില്ലെന്നും വിഷയത്തില്‍ ജില്ലാ ജഡ്ജിയുമായി ചര്‍ച്ച നടത്തിയയായും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്‍.

മജിസ്ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. മജിസ്ട്രേറ്റിന് നേരേ അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി പിന്നീട് സ്വമേധയാ കേസെടുത്തിരുന്നു. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ വിഷയത്തില്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്‍ അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Top