കൊല്ലത്ത് പെട്രോള്‍ പമ്പില്‍ വാക്കുതര്‍ക്കം; രണ്ട് പേര്‍ക്ക് കുത്തേറ്റു

കൊല്ലം: കരുനാഗപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ വച്ച് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. മധ്യസ്ഥത വഹിക്കാന്‍ എത്തിയ യുവാവിന് ഉള്‍പ്പെടെയാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ആലുംപീടികയ്ക്കു സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം.

കായംകുളം, പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ സംഘവും പ്രദേശവാസികളുമായി പെട്രോള്‍ പമ്പില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. സംഭവം കണ്ട് തര്‍ക്കം പറഞ്ഞു തീര്‍ക്കാനെത്തിയ ആയിരംതെങ്ങ് പൂത്തേഴത്ത് വീട്ടില്‍ ഉമേഷിനും പ്രദേശവാസിയായ നിഥിനുമാണ് കുത്തേറ്റത്. ഇവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് അറിയിച്ചു. പുതുപ്പള്ളിയില്‍ നിന്ന് എത്തിയ അക്രമി സംഘത്തില്‍പ്പെട്ട അനീഷ് എന്നയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Top