ചന്ദ്രയാന്‍ 3-നെതിരെ അപമാനകരമായ പ്രസ്താവന; നടന്‍ പ്രകാശ് രാജിനെതിരെ ബനഹട്ടി പൊലീസ് കേസെടുത്തു

Prakash-Raj

ബെംഗളൂരു: ചന്ദ്രയാന്‍ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനില്‍ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതായി അറിയിച്ചു.

ചന്ദ്രയാന്‍ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരില്‍ ചന്ദ്രനില്‍ ചായ അടിക്കുന്ന ഒരാളുടെ കാര്‍ട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്. പ്രകാശ് രാജിന്റെ പോസ്റ്റ് ലജ്ജാകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഐഎസ്ആര്‍ഒ മുന്‍മേധാവിയും അടക്കം പ്രകാശ് രാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ ചന്ദ്രനില്‍പ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. തന്നെ വിമര്‍ശിക്കുന്നവര്‍ ഏത് ‘ചായ്‌വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

Top