ഡിസ്നിലാന്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ന്യൂയോര്‍ക്ക്: ലോക പ്രശസ്‌തമായ ഡിസ്നിലാന്‍ഡ് റിസോര്‍ട്ടിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. അക്കൗണ്ട് പെട്ടെന്ന് തിരിച്ചുപിടിക്കാന്‍ സാധിച്ചുവെങ്കിലും ഫേസ്ബുക്കിലെ കുറെ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഡിസ്നിയുടെ ടീം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണത്തിനിടയ്ക്ക് ശ്രദ്ധയില്‍പ്പെട്ട സ്ക്രീന്‍ഷോട്ടില്‍ ഇത് പ്രതികാരം ചെയ്യുകയാണ് ഒരു ഹാക്കര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

ഹാക്കറുടെ പോസ്റ്റുകളില്‍ അശ്ലീലവും വംശീയതയും അടങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. ഹാക്കര്‍ നശിപ്പിച്ച ഉപയോക്തൃ ഡാറ്റ, ഫയർ സ്‌ക്രീനർ ക്ലെയിമുകൾ എന്നിവ ഫേസ്ബുക്ക് ഡിസ്നിക്ക് പരിശോധിക്കാന്‍ നല്‍കിയിട്ടുണ്ട്. ഡിസ്‌നിലാൻഡിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 8.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വ്യാഴാഴ്ചയാണ് ഡിസ്നിലാൻഡ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. വൈകാതെ അക്കൗണ്ടില്‍ “ഡേവിഡ് ഡു” എന്ന പേരിൽ നാല് ഫോട്ടോകൾ പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റുകൾ വംശീയ/സ്വവർഗ്ഗ അനുരാഗികളായുള്ളവരെ അധിക്ഷേപിക്കുന്നതായിരുന്നു. “ജെറോം” എന്ന് പേരുള്ള ഒരാളെയും ചില “ഡിസ്നി ജീവനക്കാരെയും” ഹാക്കര്‍ പോസ്റ്റുകളിലൂടെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഡിസ്നി റിസോര്‍ട്ടിന്റെ അക്കൗണ്ടില്‍ കേറി പോസ്റ്റിട്ടതിന് പുറമെ ഹാക്കർ മറ്റ് നിരവധി അക്കൗണ്ടുകൾ ടാഗ് ചെയ്തിട്ടുണ്ട്. ടാഗ് ചെയ്ത അക്കൌണ്ടുകള്‍ ആരുടെതാണ് എന്നതില്‍ വ്യക്തത വന്നിട്ടില്ല.

ഡിസ്നിലാൻഡിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിലവില്‍ 17.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. അവിടെ ഹാക്ക് ചെയ്യപ്പെട്ട പോസ്റ്റുകൾ ഇപ്പോൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍, ചൈന ഏറ്റവും വലിയ ഡാറ്റ ഹാക്കിനെ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. അവിടെ ഒരു ഹാക്കർ ദശലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരുടെ വ്യക്തിഗത ഡാറ്റ മോഷ്ടിച്ചതായി അവകാശപ്പെടുകയും വിവരങ്ങൾ ഓൺലൈനിൽ വിൽക്കുകയും ചെയ്യുന്നു.

ഹാക്കർ ഓൺലൈനിൽ പോസ്റ്റ് ചെയ്ത 750,000 എൻട്രികളുടെ സാമ്പിളിൽ പൗരന്മാരുടെ പേരുകൾ, മൊബൈൽ ഫോൺ നമ്പറുകൾ, ദേശീയ ഐഡി നമ്പറുകൾ, വിലാസങ്ങൾ, ജന്മദിനങ്ങൾ, അവർ ഫയൽ ചെയ്ത പോലീസ് റിപ്പോർട്ടുകൾ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഎഫ്‌പിയും സൈബർ സുരക്ഷാ വിദഗ്ധരും സാമ്പിളിലെ ചില പൗരന്മാരുടെ ഡാറ്റ ആധികാരികമാണെന്ന് പരിശോധിച്ച് ഉറപ്പാക്കി. എന്നാൽ മുഴുവൻ ഡാറ്റാബേസിന്റെ കണക്ക് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല.

Top