പാസ്‌വേഡ് ഷെയറിങ്ങിനെതിരെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ രംഗത്ത്; നിയന്ത്രണം നവംബര്‍ ഒന്നു മുതല്‍

നെറ്റ്ഫ്‌ലിക്‌സിന് പിന്നാലെ പാസ്‌വേഡ് ഷെയറിങ്ങിനെതിരെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ രംഗത്ത്. കമ്പനി അടുത്തിടെ കനേഡിയന്‍ സബ്‌സ്‌ക്രൈബര്‍മാരുടെ കരാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. നവംബര്‍ ഒന്നു മുതല്‍ അക്കൗണ്ട് ഷെയറിങ്ങുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ നയം നടപ്പാക്കുന്നതിനൊപ്പം പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെന്നാണ് കമ്പനി ഇമെയിലിലൂടെ അറിയിച്ചത്.

കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി നല്കിയിട്ടില്ലെങ്കിലും അക്കൗണ്ടുകള്‍ പങ്കിടുന്ന രീതിക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മെയിലില്‍ ചൂണ്ടിക്കാട്ടിച്ചിട്ടുണ്ട്. ഡിസ്‌നിയുടെ ഹെല്‍പ്പ് സെന്ററും ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ പാസ്വേഡുകള്‍ പങ്കിടുന്നുണ്ടോ എന്ന് ഡിസ്‌നിയ്ക്ക് കണ്ടെത്താനാകും.

കനേഡിയന്‍ സബ്സ്‌ക്രൈബര്‍ കരാറിലെ ‘അക്കൗണ്ട് പങ്കിടല്‍’ എന്ന പേരില്‍ പുതിയതായി അപ്ഡേറ്റ് ചെയ്ത വിഭാഗത്തില്‍, വരിക്കാരായ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ കണ്ടെത്തിയാല്‍, അക്കൗണ്ട് പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയോ ചെയ്യും. ഈ മാറ്റങ്ങളെല്ലാം നവംബര്‍ ഒന്നാം തീയ്യതി മുതല്‍ കാനഡയിലുടനീളം പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി പുതിയ നയം വൈകാതെ പുറത്തിറക്കും.

Top