ആർഎംഎൽ ആശുപത്രിയിലെ പിരിച്ചുവിടൽ;സമരം ശക്തമാക്കാനൊരുങ്ങി മലയാളി നഴ്സുമാർ

ഡൽഹി: ആർഎംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സുമാർ ജന്തർമന്തറിൽ പ്രതിഷേധിച്ചു. കേന്ദ്രആരോഗ്യമന്ത്രിക്ക് എംപിമാർ അടക്കം നിവേദനം നൽകിയിട്ടും നടപടി സ്വീകരിക്കാത്തിലാണ് പ്രതിഷേധം.തുടർനടപടികളുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിനാണ് തീരുമാനം.

2009 മുതൽ RML ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെയാണ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. ദീർഘകാലത്തെ ജോലിക്കിടെ മിക്കവർക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടിരുന്നു, ഇത് കണക്കിലെടുത്ത് കരാർ അടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. വിഷയത്തിൽ മനുഷത്വപരമായ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഈക്കാര്യത്തിൽ മൌനം പാലിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജന്തർമന്തറിൽ ധർണ്ണ നടത്തിയത്

മഹാമാരിക്കാലത്ത് കൊവിഡ് വാർഡിലടക്കം നെടുംതൂണായവരെയാണ് ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുകയാണെന്ന പേരിൽ ആശുപത്രി പിരിച്ചുവിട്ടത്. വിഷയത്തിൽ അനൂകൂല നിലപാട് തേടി ദില്ലി ഹൈക്കോടതിയെയും നഴ്സുമാർ സമീപിച്ചിട്ടുണ്ട്

Top