ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു; തെലങ്കാനയില്‍’നപുംസക നിയമം’റദ്ദാക്കി ഹൈക്കോടതി

ഹൈദരാബാദ്: തെലങ്കാനയില്‍ നിലനിന്നിരുന്ന 1919-ലെ ‘നപുംസക നിയമം’ റദ്ദാക്കി ഹൈക്കോടതിയുടെ സുപ്രധാന നീക്കം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍, ജസ്റ്റിസ് സിവി ഭാസ്‌കര്‍ റെഡ്ഡി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ എല്ലാ ട്രാന്‍സ് ജെന്‍ഡറുകളും ജില്ലാ ആസ്ഥാനങ്ങളില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടമുള്ള നിയമമാണ് റദ്ദാക്കിയത്. 1919-ല്‍ നിലവില്‍ വന്ന നിയമത്തിന്റെ പഴയ പേര് ആന്ധ്രാപ്രദേശ് നപുംസക നിയമം എന്നായിരുന്നു. ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന് പകരം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും സംവരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു

ആസര പദ്ധതിയുടെ കീഴില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. വൈജയന്തി വസന്ത മോഗ്ലി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വനിത നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ഈ നിയമം ഭരണഘടനയിലെ തുല്യനീതിയും സ്വാതന്ത്ര്യവും ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Top