രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച പുരോഗമിക്കുന്നു

ജെയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ രാജസ്ഥാനിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടമായാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19നും രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ് ഏപ്രില്‍ 26നുമാണ്. 12 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ടത്തില്‍ ശേഷിക്കുന്ന 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും.ശേഷിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ആര്‍ ആര്‍ തിവാരി, സുനില്‍ ശര്‍മ്മ എന്നിവരെയാണ് ജയ്പൂരില്‍ പരിഗണിക്കുന്നത്. ഏപ്രില്‍ 19നാണ് ജയ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. ജയ്പൂര്‍ റൂറലിലേയ്ക്ക് രാജേഷ് ചൗധരി, സുമിത് ഭഗാസാര, അനില്‍ ചോപ്ര, മനീഷ് യാദവ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. സുനിത ഗത്താല, മഹാദേവ് സിംഗ് ഖണ്ഡേല, വീരേന്ദ്ര ചൗധരി, ക്യാപ്റ്റന്‍ അരവിന്ദ്, മുകുള്‍ ഖിച്ചദ്, സീതാറാം എന്നിവരെയാണ് സിക്കറില്‍ പരിഗണിക്കുന്നത്. സിക്കര്‍ സിപിഐഎമ്മിന് വിട്ടുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ചേതന്‍ ദൂഡി, മുകേഷ് ഭകര്‍, ജസ്സാറാം ചൗധരി എന്നിവരെയാണ് നാഗൗര്‍ സീറ്റില്‍ നിന്ന് പരിഗണിക്കുന്നത്. അതേസമയം സിപി ജോഷിയോ അലോക് ശര്‍മ്മയോ ഭില്‍വാരയില്‍ നിന്ന് മത്സരിച്ചേക്കാം. കുല്‍ദീപ് ഇന്‍ഡോറയോ ഭരത് റാം മേഘ്വാളോ ആയിരിക്കും ഗഗന്‍നഗറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍.മുരാരി ലാല്‍ മീണ, പ്രസാദി ലാല്‍ മീണ, കമല്‍ മീണ എന്നിവരാണ് ദൗസ മണ്ഡലത്തില്‍ പരിഗണനാ പട്ടികയിലുള്ളത്. ധാല്‍പൂര്‍-കരൗലി സീറ്റില്‍ സഞ്ജയ് ജാതവ് അല്ലെങ്കില്‍ രകേറാം ബൈര്‍വ എന്നിവരാരെങ്കിലും സ്ഥാനാര്‍ത്ഥികളായേക്കാം. കാര്‍ത്തിക് ചൗധരി, ശാന്തിലാല്‍ കോത്താരി, സുദര്‍ശന്‍ സിംഗ് റാവത്ത് എന്നിവരാണ് രാജ്‌സമന്ദില്‍ പരിഗണനയിലുള്ളത്. ഉമേദ്രം ബെനിവാളോ ഹരീഷ് ചൗധരിയോ ബാര്‍മര്‍-ജയ്‌സാല്‍മര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും മത്സരിക്കും. കോട്ട-ബുണ്ടി സീറ്റില്‍ നിന്ന് അശോക് ചന്ദനയ്‌ക്കോ ചേതന്‍ പട്ടേലിനോ ടിക്കറ്റ് ലഭിച്ചേക്കാം.

കിഷന്‍ഗഡ് എംഎല്‍എ വികാസ് ചൗധരിയോ മുന്‍ മന്ത്രി രഘു ശര്‍മ്മയോ അജ്മീരില്‍ നിന്ന് പരിഗണിക്കപ്പെട്ടേക്കാം. ബദിറാം ജാഖര്‍, ദിവ്യ മദേര്‍ന, സംഗീത ബെനിവാള്‍ അല്ലെങ്കില്‍ സുനില്‍ ചൗധരി എന്നിവരെയാണ് പാലിയില്‍ പരിഗണിക്കുന്നത്. ജാല്‍വാറില്‍ നിന്നും മുന്‍ മന്ത്രി പ്രമോദ് ജെയിന്‍ ഭയയുടെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ബന്‍സ്വാര-ദുംഗര്‍പൂര്‍ ലോക്‌സഭാ സീറ്റില്‍ അര്‍ജുന്‍ ലാല്‍ ബമാനിയ ഗണേഷ് ഗോഗ്ര എന്നിവരില്‍ ആരെ പരിഗണിക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ട്.രാജസ്ഥാനിലെ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് ഇതില്‍ മൂന്ന് പേര്‍ സിറ്റിംഗ് എംഎല്‍എമാരാണ്.

Top