കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുഖ്യമന്ത്രി പിണായി വിജയനുമായുമായി ചർച്ച നടക്കും. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം. ശമ്പളം നൽകാൻ സർക്കാർ കൂടുതൽ ധനസഹായം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം. സിംഗിൾ ഡ്യൂട്ടി അടക്കമുള്ള വിഷയങ്ങളിലും ഇന്ന് ചർച്ചയുണ്ടാകും.

പലതവണ ചർച്ചകൾ നടന്നിട്ടും തൊഴിലാളികളുടെ ശമ്പള വിഷയത്തിൽ മാത്രം ഇതുവരെ തീരുമാനമായില്ല. ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളവും ഉൽസവബത്തയും നൽകാൻ 103 കോടി രൂപ നൽകാൻ സർക്കാരിനോടു ഇന്നലെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ശമ്പള വിതരണത്തിനു മുൻഗണന നൽകണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടൽ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകുന്നതിന് 50 കോടി വീതവും ഉൽസവ ബത്ത നൽകുന്നതിനായി മൂന്നു കോടിയും നൽകണമെന്നു കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നൽകാനാണ് കോടതി നിർദേശം.

 

Top